വളര്‍ത്തുനായയെ കഴുത്തില്‍ കുരുക്കിട്ട് കാറില്‍ കെട്ടിവലിച്ച് കൊണ്ടുപോയത് അതിനെ കളയാനെന്ന് അറസ്റ്റിലായ എറണാകുളം ചാലാക്ക സ്വദേശി യൂസഫ്. പെണ്പട്ടി ആയതിനാല്‍ വീട്ടില്‍ ആണ്‍പട്ടികളുടെ ശല്യമുണ്ട്. വീട്ടുകാര്‍ക്ക് ഇത് ഇഷ്ടമല്ലായിരുന്നു. അതിനാല്‍ കളയാന്‍ കൊണ്ടുപോയതാണെന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ പട്ടിയെ എന്തിനാണ് ക്രൂരമായി കെട്ടിവലിച്ചത് എന്നതിന് യൂസഫ് വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. മൃഗസംരക്ഷണനിയമം ലംഘിച്ചതിന് യൂസഫിനെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
യൂസഫിന്റെ ലൈസന്‍സ് റദ്ദാക്കും. ഇതിനായി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് വ്യക്തമാക്കിയിരുന്നു. വാഹനം മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്ത് പോലീസിന് കൈമാറിയിട്ടുണ്ട്. കെഎല്‍ 42 ജെ 6379 എന്ന നമ്പറിലുള്ള ടാക്സി കാര്‍ ഓടിച്ചിരുന്നത് യൂസഫ് തന്നെയായിരുന്നു.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു നിഷ്ഠൂരമായ സംഭവം. നെടുമ്പാശ്ശേരി അത്താണിക്ക് സമീപം ചാലാക്ക എന്ന സ്ഥലത്താണ് റോഡിലൂടെ പട്ടിയെ കെട്ടിവലിച്ചത്. നായയുടെ കഴുത്തില്‍ കുരുക്കിട്ട് കാറിന്റെ ഡിക്കിയില്‍ കെട്ടി ഓടിയ്ക്കുയായിരുന്നു. പിന്നാലെ ബൈക്കില്‍ വന്ന അഖില്‍ എന്ന യുവാവ് ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. തുടര്‍ന്ന് യുവാവ് കാര്‍ നിര്‍ത്തിച്ച് പട്ടിയെ മോചിപ്പിച്ചു. ശേഷം അഖില്‍ നല്കിയ പരാതിയില്‍ ചെങ്ങമനാട് പോലീസ് കേസെടുത്തു. നായയെ കെട്ടിവലിക്കുന്ന കാറിന് പിന്നാലെ മറ്റൊരു നായ ഓടുന്നുമുണ്ടായിരുന്നു.
അറുനൂറ് മീറ്ററോളം ഇത്തരത്തില്‍ നായയെ കെട്ടിവലിച്ച് കൊണ്ടുപോയിട്ടുണ്ട്. അതിന്റെ കൈകള്‍ക്കും കാലുകള്‍ക്കും പരിക്കുണ്ട്. നായയെ പറവൂരിലെ മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കി.