സിറിയയിലുണ്ടായ രാസായുധ പ്രയോഗത്തിനെതിരെ പ്രതികരിക്കുന്നതിനെക്കുറിച്ച് ഉടന്‍ തീരുമാനമില്ലെന്നു യു.എസ് പ്രസിഡന്റ് ബരാക് ഒബാമ. വൈറ്റ് ഹൗസില്‍ പബ്ലിക് ബ്രോഡ്കാസ്റ്റിങ് സര്‍വീസ് ചാനലുമായി നടത്തിയ അഭിമുഖത്തിലാണ് ഒബാമ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ സിറിയയില്‍ രാസായുധം പ്രയോഗിച്ചത് സിറിയന്‍ സര്‍ക്കാര്‍ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിമതര്‍ രാസായുധം ഉപയോഗിക്കുമെന്ന് കരുതുന്നില്ലെന്നും രാജ്യാന്തര തലത്തില്‍ ഇതിനെക്കുറിച്ച് ചര്‍ച്ച നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാസായുധങ്ങള്‍ ഒരു രാജ്യവും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം അന്താരാഷ്‌ട്ര സമൂഹത്തിനുണ്ട്. സിറിയയില്‍ നടന്ന പ്രശ്നങ്ങളില്‍ യു.എസ്സിനു പ്രത്യേക താല്‍പര്യങ്ങളൊന്നുമില്ലെന്നും ഒബാമ വ്യക്തമാക്കി.
രാസായുധ ആക്രമണത്തിനെതിരെയുള്ള സൈനിക നടപടിക്ക് ഒബാമയുടെ ഉത്തരവ് കാത്തിരിക്കുകയാണെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ ബുധനാഴ്ച പറഞ്ഞിരുന്നു. അതിനിടെ സിറിയയില്‍ സൈനികനടപടിക്ക് അനുമതിനേടി ബ്രിട്ടന്‍ ഐക്യരാഷ്ട്രസഭ സുരക്ഷാകൌണ്സിലില്‍ ബുധനാഴ്ച പ്രമേയം അവതരിപ്പിച്ചു. രാസായുധാക്രമണത്തില്‍ സിറിയന്‍ സര്‍ക്കാരിനെതിരെയാണ് ബ്രിട്ടന്‍ പ്രമേയം അവതരിപ്പിച്ചത്. സിറിയക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് സുരക്ഷാകൌണ്സിലില്‍ പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍ ചൈനയും റഷ്യയും ശക്തമായി എതിര്‍ത്തതിനെ തുടര്‍ന്ന് പ്രമേയത്തില്‍ ഒത്തുതീര്‍പ്പായില്ല.