Skip to main content

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ രോഗി മരിക്കാനിടയായ സംഭവം കോവിഡ് മൂലമല്ലെന്നും ജീവനക്കാരുടെ അനാസ്ഥമൂലമാണെന്നും നഴ്‌സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം. വെന്റിലേറ്റര്‍ ട്യൂബ് മാറിക്കിടന്നത് ശ്രദ്ധിക്കാതെ പോയതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ശബ്ദ സന്ദേശത്തില്‍ പറയുന്നത്. സംഭവത്തില്‍ ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി ആവശ്യപ്പെട്ടത്.

മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗി മരിച്ചത് ചികിത്സാ വീഴ്ച മൂലമാണെന്ന് നഴ്സിംഗ് ഓഫിസര്‍ വെളിപ്പെടുത്തുന്ന ടെലിഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. ഫോര്‍ട്ടുകൊച്ചി സ്വദേശി സി.കെ ഹാരിസിന്റെ മരണം ഓക്സിജന്‍ ലഭിക്കാതെയാണെന്ന് സംഭാഷണത്തില്‍ പറയുന്നുണ്ട്. വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറി കിടന്നത് ശ്രദ്ധിക്കാത്തതാണ് മരണകാരണം. രോഗിയെ വെന്റിലേറ്ററില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റാന്‍ സാധിക്കാമായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചതെന്നും സംഭാഷണത്തില്‍ വ്യക്തമാക്കുന്നു. പല രോഗികളുടേയും ഓക്സിജന്‍ മാസ്‌ക് പോലും ശരിയായിട്ടല്ല വയ്ക്കുന്നത്. ചെറിയ വീഴ്ച കൊണ്ട് പല രോഗികളും മരിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ സംരക്ഷിച്ചതുകൊണ്ടാണ് നടപടിയുണ്ടാകാതിരുന്നത്. ഇതിന് മുന്‍പും ചികിത്സാ പിഴവുണ്ടായിട്ടുണ്ടെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.

ഹാരിസിന്റെ മരണത്തില്‍ ബന്ധുക്കള്‍ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. മരിച്ച ദിവസം ഹാരിസ് വീട്ടുകാരുമായി വീഡിയോ കോള്‍ ചെയ്തിരുന്നു. ആരോഗ്യ സ്ഥിതി മോശമായിരുന്നില്ലെന്നും നഴ്‌സിംഗ് ഓഫീസറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുകയാണ് ഹാരിസിന്റെ ബന്ധുക്കള്‍.