Skip to main content

കൊവിഡ് പരിശോധനയ്ക്ക് വ്യാജ പേരും വിലാസവും നല്‍കിയെന്ന പരാതിയില്‍ കെ.എസ്.യു പ്രസിഡന്റ് കെ.എം അഭിജിത്തിനെതിരെ പോത്തന്‍കോട് പോലീസ് കേസെടുത്തു. ആള്‍മാറാട്ട കുറ്റം, പകര്‍ച്ചവ്യാധി പ്രതിരോധ നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അഭിജിത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റാണ് പരാതി നല്‍കിയത്. പഞ്ചായത്തില്‍ നടന്ന കോവിഡ് പരിശോധനയില്‍ അഭിജിത്ത് വ്യാജപേരും വ്യാജ മേല്‍വിലാസവുമാണ് നല്‍കിയത്. കൊവിഡ് പോസിറ്റാവായ അഭിജിത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കാന്‍ ശ്രമം നടത്തിയെന്നും പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാല്‍ പരാതിയില്‍ പറയുന്നു. 

തന്റെ പേര് തെറ്റായി വന്നത് ക്ലറിക്കല്‍ പിശകാകാം എന്നാണ് അഭിജിത്തിന്റെ വിശദീകരണം. കെ.എം.അഭി എന്ന പേര് വന്നത് ക്ലറിക്കല്‍ തെറ്റാകാം. സുഹൃത്ത് ബാഹുലിന്റേയും സെല്‍ഫ് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന വീടിന്റെ ഉടമയുടെയും നമ്പറുകള്‍ ആണ് ടെസ്റ്റ് ചെയ്ത സ്ഥലത്ത് നല്‍കിയതെന്നും അഭിജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

കെ എം അഭി, തിരുവോണം എന്ന വിലാസത്തിലായിരുന്നു അഭിജിത്ത് പരിശോധന നടത്തിയത്. കെ എസ് യു സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്ണയുടെ വിലാസമാണ് പരിശോധനയ്ക്കായി നല്‍കിയിരുന്നത്. കൊവിഡ് സ്ഥിരീകരിച്ച ആളെ കണ്ടെത്താനാകാത്തത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു.