Skip to main content

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ അനില്‍ അക്കരെ എം.എല്‍.എ ആശുപത്രി സന്ദര്‍ശിച്ചിരുന്നുവെന്ന് എന്‍.ഐ.എ. സന്ദര്‍ശനം എന്തിനായിരുന്നുവെന്ന് അന്വേഷണസംഘം എം.എല്‍.എയോട് ആരാഞ്ഞു. സ്വപ്ന സുരേഷിനെ പോലെയുള്ള പ്രതിയെ താമസിപ്പിക്കുമ്പോള്‍ പലരീതിയില്‍ കേസിനെ അട്ടിമറിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ആരെങ്കിലും ആശുപത്രിയില്‍ എത്തുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണ് സ്ഥലം എം.എല്‍.എ. കൂടിയായ താന്‍ ആശുപത്രിയിലെത്തിയതെന്നാണ് എന്‍.ഐ.എക്ക് അനില്‍ അക്കരെ നല്‍കിയ വിശദീകരണം. 

സ്വപ്‌ന ആശുപത്രിയില്‍ കഴിഞ്ഞ 6 ദിവസങ്ങളില്‍ അവിടം സന്ദര്‍ശിച്ച പ്രമുഖരുടെ വിവരങ്ങള്‍ എന്‍.ഐ.എ പരിശോധിക്കുകയാണ്. ആറ് ദിവസം വിശദമായ പരിശോധന നടത്തി ആശുപത്രിയില്‍ നിന്ന് പൂര്‍ണ ആരോഗ്യവതിയായി മടങ്ങിയ സ്വപ്ന തൊട്ടടുത്ത ദിവസം തന്നെ നെഞ്ചുവേദന എന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിയതില്‍  അസ്വാഭാവികത ഉണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.

സ്വര്‍ണക്കടത്ത് കേസ് പ്രതികളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ആസൂത്രിതമായെന്ന് അനില്‍ അക്കര എംഎല്‍എ ഇന്നലെ പറഞ്ഞിരുന്നു. വിദഗ്ധ ചികിത്സ സ്വപ്ന സുരേഷിന്റെ മൊഴികള്‍ ചോര്‍ത്തുന്നതിന് വേണ്ടിയാണെന്നും മെഡിക്കല്‍ കോളജില്‍ സ്വപ്നയ്ക്ക് സഹായമൊരുക്കിയത് മന്ത്രി എ സി മൊയ്തീനാണെന്നും അനില്‍ അക്കര ആരോപിച്ചു. ഇതിന് പിന്നാലെയാണ് എംഎല്‍എയും ആശുപത്രി സന്ദര്‍ശനം പുറത്തുവരുന്നത്.