Skip to main content

സംസ്ഥാനത്ത് ക്രൈംബ്രാഞ്ച് അന്വേഷണവുമായി ബന്ധപ്പെട്ട് പുതുക്കിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. പുതിയ സര്‍ക്കുലര്‍ പ്രകാരം ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഡിജിപിയുടെ മുന്‍കൂര്‍ അനുമതി വേണം. കോടതി ക്രൈബ്രാഞ്ചിന് കൈമാറുന്ന കേസുകളും ഉത്തരവിന് വിധേയമാക്കണമെന്നും വിവരം. ഇതനുസരിച്ച് ക്രൈംബ്രാഞ്ചിന് ഇനി നേരിട്ട് കേസെടുക്കാനാകില്ല.

പൊലീസിലെ കസ്റ്റഡി മരണങ്ങള്‍ പോലുള്ള സംഭവങ്ങള്‍ പെട്ടെന്ന് ക്രൈംബ്രാഞ്ചിന് കൈമാറണം അഞ്ച് കോടിക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പുക, 30 ദിവസം കൊണ്ട് തെളിയാത്ത കൊലക്കേസുകള്‍, ആയുധം കൈവശം വയ്ക്കല്‍, മോഷണക്കേസ് എന്നിവയും ക്രൈംബ്രാഞ്ചിന് നല്കണമെന്നും ഉത്തരവില്‍ പറയുന്നു.

ഈ ഉത്തരവിന് എതിരെ നിരവധി ആക്ഷേപങ്ങളാണ് ഉയര്‍ന്നുവരുന്നത്. ക്രൈംബ്രാഞ്ചിന് നിലവില്‍ ക്രമസമാധാന ചുമതലകള്‍ ഇല്ല. അന്വേഷണം മാത്രമേ ചുമതലയായിട്ടുള്ളു. വിശദമായ അന്വേഷണത്തിനാണ് ക്രൈംബ്രാഞ്ച് കേസുകള്‍ ഏറ്റെടുത്തിരുന്നത്. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം ക്രൈംബ്രാഞ്ച് മേധാവിക്ക് സ്വയം തീരുമാനം എടുക്കാനാകില്ല.