Skip to main content

തുടര്‍ച്ചയായി ഏഴാമത്തെ ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില റെക്കോഡ് കുറിച്ചു. ചൊവ്വാഴ്ച പവന് 600 രൂപ കൂടി 39,200 രൂപയായി. 4,900 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. കഴിഞ്ഞ ദിവസം ഗ്രാമിന് 4,825 രൂപയായിരുന്നു നിരക്ക്. പവന് 38,600 രൂപയും.

യുഎസ്-ചൈന തര്‍ക്കം മുറുകുന്നതും കോവിഡ് വ്യാപനംമൂലം രാജ്യങ്ങള്‍ പ്രതിസന്ധി നേരിടുന്നതുമാണ് സ്വര്‍ണവിലയിലെ തുടര്‍ച്ചയായ വര്‍ധനയ്ക്കുപിന്നില്‍.

അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,975 ഡോളര്‍ നിലവാരത്തിലേയ്ക്കാണ് ഉയര്‍ന്നത്. ആറു വ്യാപാരദിനങ്ങളിലായി 160 ഡോളറിന്റെ വര്‍ധന. ദേശീയ വിപണിയില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 52,410 രൂപ നിലവാരത്തിലുമെത്തി.