Skip to main content

കൊവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററായി പ്രഖ്യാപിച്ച ആലുവയില്‍ പൊലീസ് റൂട്ട് മാര്‍ച്ച് നടത്തി. റൂറല്‍ എസ്പി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലാണ് റൂട്ട്മാര്‍ച്ച് നടത്തുന്നത്. ആലുവ, കീഴ്മാട്, എടത്തല, ചൂര്‍ണിക്കര, പുളിയന്നൂര്‍ എന്നീ സ്ഥലങ്ങളിലാണ് റൂട്ട്മാര്‍ച്ച് നടത്തുന്നത്.

കൊവിഡ് തീവ്രവ്യാപന ആശങ്കയുടെ പശ്ചാത്തലത്തില്‍ ആലുവ നഗരസഭയിലും സമീപത്തെ ഏഴ് പഞ്ചായത്തുകളിലുമാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളാണ് പ്രദേശത്ത് ഏര്‍പെടുത്തിയിരിക്കുന്നത്. മേഖലയില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമെന്നാണ് വിലയിരുത്തല്‍. കൊവിഡ് വ്യാപനമുള്ള ഈ പ്രദേശങ്ങള്‍ ഒന്നിച്ച് ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററായി പരിഗണിക്കും. കര്‍ഫ്യൂ മേഖലയില്‍ രാവിലെ ഏഴു മുതല്‍ ഒന്‍പത് മണി വരെയാണ് മൊത്തവിതരണം അനുവദിച്ചിരിക്കുന്നത്. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ മാത്രമാണ് അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് തുറക്കാനുള്ള അനുമതി. വിവാഹങ്ങള്‍ക്കും മരണാന്തര ചടങ്ങുകള്‍ക്കും ചടങ്ങുകള്‍ക്കും മുന്‍കൂര്‍ അനുമതി വാങ്ങണം.