Skip to main content

സ്വര്‍ണക്കടത്തിന്റെ മുഖ്യകണ്ണി റമീസെന്ന് എന്‍.ഐ.എ. കേസില്‍ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷും സന്ദീപും കുറ്റം സമ്മതിച്ചതായും എന്‍.ഐ.എ. കേസിലെ ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ സന്ദീപ് നായരാണ് പറഞ്ഞ് കൊടുത്തതെന്നും അന്വേഷണസംഘം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ കസ്റ്റംസും സമാനമായ കണ്ടത്തലാണ് നടത്തിയിരുന്നത്. ഇത് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടാണ് എന്‍.ഐ.എയുടേത്.

ലോക്ഡൗണ്‍ സമയത്തെ രാജ്യത്തെ സ്ഥിതികള്‍ ഉപയോഗപ്പെടുത്തി കൂടുതല്‍ സ്വര്‍ണം രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് ശ്രമിച്ചത് റമീസാണ്. ഈ ആശയം മുന്നോട്ട് വെച്ചതും റമീസാണെന്നും സന്ദീപ് വെളിപ്പെടുത്തി എന്നും വിദേശത്തുള്ള കള്ളക്കടത്ത് സംഘങ്ങളുമായി റമീസിന് അടുത്ത ബന്ധമുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

പിടിയിലാകുന്നതിന് മുമ്പ് പ്രതികള്‍ ടെലഗ്രാം, വാട്‌സ് ആപ്പ് എന്നിവയിലൂടെ അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇവ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. 6 മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുമാണ് സ്വപ്‌ന സുരേഷില്‍ നിന്ന് എന്‍.ഐ.എ പിടിച്ചെടുത്തത്. ഇതില്‍ രണ്ട് മൊബൈല്‍ ഫോണുകള്‍ ഫേസ് ലോക്ക് ചെയ്തിട്ടുള്ളവയാണ്. ഇവ രണ്ടും സ്വപ്‌നയുടെ സാന്നിധ്യത്തില്‍ തന്നെ തുറന്ന് നോക്കി. ഇതില്‍ ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളും പരിശോധിച്ചു.