Skip to main content

തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ(കീം) എഴുതിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് ബാധ. തൈക്കാട്, കരമന കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പൊഴിയൂര്‍, കരകുളം സ്വദേശികളാണ് ഇവര്‍. തിങ്കളാഴ്ച രാത്രിയാണ് ഇവരുടെ പരിശോധനാഫലം പുറത്തു വന്നത്. 

കരകുളം സ്വദേശിക്ക് നേരത്തെ തന്നെ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഒറ്റയ്ക്കാണ് കരമനയിലെ കേന്ദ്രത്തില്‍ വെച്ച് പരീക്ഷ എഴുതിച്ചത്. തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിയ്ക്ക് ഒപ്പം പരീക്ഷ എഴുതിയിരുന്നരെയും സമ്പര്‍ക്കം പുലര്‍ത്തിയവരെയും നിരീക്ഷണത്തിലാക്കി. 

പരീക്ഷാകേന്ദ്രങ്ങള്‍ക്ക് പുറത്ത് സാമൂഹിക അകലം പാലിക്കപ്പെടാതിരുന്നത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കോട്ടണ്‍ ഹില്‍സ് സ്‌ക്കൂളില്‍ സാമൂഹ്യ അകലം പാലിക്കാതെ ഇരുന്നതിന് കണ്ടാലറിയുന്ന 300 പേര്‍ക്കെതിരെ മ്യൂസിയം പോലീസ് കേസെടുത്തു. പട്ടം സെന്റ് മേരീസ് സ്‌ക്കൂളിന് പുറത്ത് സംഘടിച്ചതിനും സമാനരീതിയില്‍ അത്രയും പേര്‍ക്കെതിരെ തന്നെ മെഡിക്കല്‍ കോളേജ് പോലീസും കേസെടുത്തിരുന്നു.