Skip to main content

എലിഫന്റ് ഓണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കലവൂര്‍ കുളമാക്കിയില്‍ നടന്ന ആനയൂട്ടിന്റെ സംസ്ഥാനതല ഉദ്ഘാടനം അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി കൃഷ്ണപ്രസാദിന്റെ ആനകള്‍ക്ക് ഭക്ഷണം നല്‍കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ എസ് രവി നിര്‍വ്വഹിക്കുന്നു

കൊറോണ കാലമായതിനാല്‍ ക്ഷേത്രങ്ങളില്‍ ചടങ്ങില്ലാത്തതിനെ തുടര്‍ന്ന് ആനയൂട്ട് ഏറ്റെടുത്ത് എലിഫന്റ് ഓണേഴ്‌സ് അസോസിയേഷന്‍. ഇതിന്റെ സംസ്ഥാന തല ഉദ്ഘാടനം അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി കൃഷ്ണപ്രസാദിന്റെ കലവൂര്‍ കുളമാക്കിയിലെ വീട്ടില്‍ തിരുവിതാംകൂര്‍ ദിവസം ബോര്‍ഡ് അംഗം കെ എസ് രവി നിര്‍വഹിച്ചു. കുളമാക്കിയില്‍ കെ കെ സീതമ്മയും ചടങ്ങില്‍ പങ്കെടുത്തു. കര്‍ക്കിടക മാസാരംഭത്തില്‍ തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ആരംഭിക്കുന്ന ആനയൂട്ട് കേരളത്തിലെ ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങളില്‍ നടക്കും.

കര്‍ക്കിടക മാസത്തില്‍ ക്ഷേത്ര ഉത്സവങ്ങളും മറ്റ് ആഘോഷ പരിപാടികളും കുറവായതിനാല്‍ ആന ഊട്ടുകള്‍ ഉടമകള്‍ക്ക് ഏറെ ആശ്വാസം ആയിരിന്നു. ഒരു ആന കുറഞ്ഞത് ഇരുപതു ഊട്ടുകളിലെങ്കിലും പങ്കെടുക്കും. കൂടാതെ ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്ന ആനകള്‍ക്ക് യാത്രപടിയും പാപ്പാന്മാര്‍ക്ക് ബാറ്റയും ക്ഷേത്ര ഉടമകള്‍ നല്‍കും. ആനകളുടെ സുഖചികില്‍സയ്ക്ക് ആവശ്യമായ വിഭവ സമൃദ്ധമായ ഭക്ഷണവും ലഭിക്കും. കരിപെട്ടി ചോറ്, പഴവര്‍ഗ്ഗങ്ങള്‍, പയര്‍, ഗോതമ്പ്, മുതിര, ചവനപ്രാശം ഉള്‍പ്പടെ ഉള്ള ഔഷധങ്ങള്‍ എന്നിവയാണ് നല്‍കുന്നത്. എന്നാല്‍ ഇത്തവണ കൊറോണയെ തുടര്‍ന്ന് ക്ഷേത്രങ്ങളില്‍ ആനയൂട്ടിന് നിയന്ത്രണം വന്നതോടെ ഉടമകള്‍ ഏറെ പ്രതിസന്ധിയിലായി. ആനയുടെ സംരക്ഷണം തന്നെ വലിയ ബാധ്യത ആയി മാറി. ആനയുടെ ഭക്ഷണ ചിലവിനും ജീവനക്കാരുടെ ശമ്പളത്തിനും വന്‍ തുക കണ്ടെത്തുവാനാകാതെ പ്രതിസന്ധിയിലാണ് ഉടമകളെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി കൃഷ്ണപ്രസാദ് പറഞ്ഞു.

കൊറോണയെ തുടര്‍ന്ന് നാട്ടാനകള്‍ക്കു സര്‍ക്കാര്‍ റേഷന്‍ ഏര്‍പ്പെടുത്തിയത് കുറച്ചു ആശ്വാസം നല്‍കിയിരുന്നു. ആന ഉടമകളുടെ ഈ പ്രതിസന്ധിയെ മറികടക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സഹായം നല്‍കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കുളമാക്കിയിലെ ആനകളായ രാജ, ജയകൃഷ്ണന്‍, മാധവന്‍ എന്നിവ ആനയൂട്ടില്‍ പങ്കെടുത്തു. കുളമാക്കിയിലെ മറ്റു ആനകളായ പാര്‍ഥസാരഥിയും ഗണേശനും മദപ്പാടിലായതിനാല്‍ നീരുകാലത്താണ്. 

.