Skip to main content

പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിയമനം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണം ആരെ ഏല്‍പ്പിക്കുന്നു എന്നതിനെ കുറിച്ചുള്ള ഒരു സംസ്ഥാനത്തിന്റെ അല്ലെങ്കില്‍ മന്ത്രിസഭയുടെ ഏറ്റവും നിര്‍ണ്ണായകമായ തീരുമാനമാണ്. കാരണം സംസ്ഥാനത്തിന്റെ ഭരണത്തിന്റെ താക്കോല്‍ മുഖ്യമന്ത്രി ഏറ്റെടുത്തതിന് ശേഷം അത് സുരക്ഷിതമായ രീതിയില്‍ സൂക്ഷിക്കാനുള്ള ഉത്തരവാദിത്വവും ശേഷിയും ഉണ്ടായിരിക്കണം മുഖ്യമന്ത്രിയുടെ ഓഫീസ് ഏല്‍ക്കുന്ന ആള്‍ക്ക്. അങ്ങനെയുള്ള ഒരാളെ കണ്ടെത്താന്‍ മുഖ്യമന്ത്രിക്കും മന്ത്രിസഭയക്കും ശേഷി ഉണ്ടായിരിക്കണം. ആ ശേഷി ഉണ്ട് എന്ന വിശ്വാസത്തിലാണ് ജനങ്ങള്‍ മുഖ്യമന്ത്രിയെ ആ സ്ഥാനത്തേക്ക് നിശ്ചയിക്കുന്നത്. 

ജനങ്ങളുടെ പേരില്‍ ഓരോ തീരുമാനവും എടുക്കാന്‍ ഉള്ള ശേഷി ഈ വ്യക്തിക്കുണ്ട് എന്ന വിശ്വാസം ആര്‍ജിച്ചതിന് ശേഷം ജനങ്ങള്‍ നല്‍കുന്ന സമ്മതമാണ് മുഖ്യമന്ത്രി സ്ഥാനം. ആ തീരുമാനം പരിപൂര്‍ണ്ണമായി തെറ്റി എന്ന് മാത്രമല്ല ഇന്ത്യക്ക് തന്നെ നാണക്കേടാകുന്ന രീതിയിലുള്ള ഒരു സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ടിരിക്കുന്നു എന്നതും വസ്തുതയാണ്. ഇത് മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പില്‍ പറ്റിയ പാളിച്ച തന്നെയാണ്. 

ശിവശങ്കര്‍ വളരെ പ്രവര്‍ത്തി പരിചയം ഉള്ള ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന്റെ മുന്‍കാല പ്രവര്‍ത്തികള്‍ എങ്ങനെ എന്നുള്ളത് വ്യക്തമായി അറിയാനുള്ള സംവിധാനങ്ങളുണ്ട്. അദ്ദേഹത്തിന്റെ ട്രാക്ക് റെക്കോര്‍ഡ്, ഇതുവരെയുള്ള സര്‍വീസില്‍ നടപ്പിലാക്കിയ തീരുമാനങ്ങള്‍, പാളിച്ചകള്‍, ആരോപണങ്ങള്‍, കേസുകള്‍ നിലനില്‍ക്കുന്നുണ്ടോ, അതില്‍ എന്തെങ്കിലും കഴമ്പുണ്ടോ തുടങ്ങിയ എല്ലാ കാര്യങ്ങളും അന്വേഷിക്കാനുള്ള സംവിധാനങ്ങള്‍ മുഖ്യമന്ത്രിക്ക് ഉണ്ട്. ഇതെല്ലാം നോക്കിയതിന് ശേഷം മാത്രമെ ഈ തീരുമാനം കൈക്കൊള്ളാന്‍ പാടുള്ളു താനും. മുഖ്യമന്ത്രി അവ കൃത്യമായി പരിശോധിക്കുന്നതിലും വിശകലനം ചെയ്യുന്നതിലും പരാജയപ്പെട്ടു എന്നുള്ളതാണ് ശിവശങ്കറിന്റെ സ്വര്‍ണ്ണക്കള്ളക്കടത്ത് ബന്ധത്തെ കുറിച്ച് ഉയര്‍ന്നു വരുന്നത ആരോപണങ്ങള്‍ സൂചിപ്പിക്കുന്നത്.  

അതിന്റെ അര്‍ത്ഥം ജനങ്ങളുടെ ക്ഷേമത്തെ മുന്‍ നിര്‍ത്തി തീരുമാനങ്ങള്‍ എടുക്കാന്‍ മുഖ്യമന്ത്രി പരാജയപ്പെട്ടു എന്നുള്ളത് തന്നെയാണ്. ഇങ്ങനെയുള്ള തീരുമാനങ്ങള്‍ എടുക്കാനുള്ള സമീപനത്തില്‍ ഇനിയും മാറ്റം വരുത്തിയില്ലെങ്കില്‍ അത് ഇതുപോലുള്ള ദുരന്തങ്ങളില്‍ കലാശിക്കുക തന്നെ ചെയ്യും.