Skip to main content

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുന്‍ ഐ.ടി വകുപ്പ് സെക്രട്ടറി ശിവശങ്കറിന് ഗൂഢാലോചനയില്‍ പങ്കില്ലെന്ന് പ്രതി സരിത്തിന്റെ മൊഴി. എന്നാല്‍ ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍വെച്ച് ഗൂഢാലോചന നടത്തിയെന്ന് സരിത്ത് കസ്റ്റംസിന് മൊഴി നല്‍കി. സ്വപ്‌ന വഴിയാണ് ശിവശങ്കറിനെ പരിചയപ്പെട്ടതെന്നും സരിത്ത് പറഞ്ഞതായും റിപ്പോര്‍ട്ട്. 

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐ.ടി സെക്രട്ടറിയുമായ എം ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം നടപടി തുടങ്ങി. കസ്റ്റംസ് നിയമത്തിലെ 108-ാം വകുപ്പ് പ്രകാരം ചോദ്യം ചെയ്യലിനെത്താന്‍ ശിവശങ്കറിന് നോട്ടീസ് നല്‍കും. 

ജൂണ്‍ 24,25 തീയതികളിലായി നയതന്ത്ര ചാനല്‍ വഴി 27 കിലോ സ്വര്‍ണ്ണം സന്ദീപ് നായരും സ്വപ്‌നയും സരിത്തും ചേര്‍ന്ന് കടത്തിയിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. 24ന് 9 കിലോയും 26ന് 18 കിലോയുമാണ് കേരളത്തിലേക്ക് കടത്തിയത്. യു.എ.ഇ കോണ്‍സുലേറ്റിലെ അറ്റാഷേയുടെ പേരിലാണ് ബാഗ് എത്തിയത്. സരിത്താണ് ഇത് കൈപ്പറ്റിയത്. ഫൈസല്‍ ഫരീദാണ് സ്വര്‍ണ്ണം അയച്ചതെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം സ്വദേശി പി.കെ റമീസിന് വേണ്ടിയായിരുന്നു സ്വര്‍ണ്ണക്കടത്ത് എന്നും ഈ റാക്കറ്റിലെ മുകള്‍ത്തട്ടിയെ കണ്ണികളെക്കുറിച്ച് റമീസ് മൊഴി നല്‍കിയതായും വിവരമുണ്ട്.