Skip to main content

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് മൂന്ന് പേരെയും കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്. നേരത്തെ അറസ്റ്റിലായ റമീസുമായി ബന്ധമുള്ളവരാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. നിരവധി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളാണ് ഇവര്‍. അറസ്റ്റിലായ മൂന്ന് പേരില്‍ ഒരാള്‍ മൂവാറ്റുപുഴ സ്വദേശിയായ ജലാല്‍ ആണ്. 

സ്വപ്‌ന സുരേഷും സന്ദീപും സരിത്തും ചേര്‍ന്ന് രാജ്യത്തേക്ക് എത്തിച്ച നാല്‍പ്പത് കോടിയോളം വിലമതിക്കുന്ന സ്വര്‍ണ്ണം ജലാലും സംഘവുമാണ് ഇടപാട് നടത്തിയിരിക്കുന്നത് എന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. തിരുവനന്തപുരം, ഡല്‍ഹി, ബാംഗ്ലൂര്‍ വിമാനത്താവളങ്ങളിലൂടെയുള്ള കള്ളക്കടത്തുമായി ബന്ധപ്പെട്ട നിരവധി കേസുകളാണ് ജലാലിനെതിരെ ഉള്ളത്. 

രാജ്യാന്തര കള്ളക്കടത്ത് സംഘങ്ങളിലേക്കാണ് നിലവില്‍ കസ്റ്റംസിന്റെയും എന്‍.ഐ.എയുടെയും അന്വേഷണം പോകുന്നത്.