Skip to main content

തിരുവനന്തപുരം പൂന്തുറ പ്രദേശങ്ങളില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി റവന്യൂ-പോലീസ്-ആരോഗ്യ ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിച്ച് ക്വിക്ക് റെസ്‌പോണ്‍സ് ടീമിന് രൂപം നല്‍കിയതായി ജില്ലാ കളക്ടര്‍ ഡോ.നവജ്യോത് ഖോസ അറിയിച്ചു. തഹസില്‍ദാറിനും ഇന്‍സിഡന്റ് കമാന്‍ഡര്‍ക്കും കീഴിലാകും ടീമിന്റെ പ്രവര്‍ത്തനം. സംഘം 24 മണിക്കൂര്‍ പ്രവര്‍ത്തിക്കും. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണിലേക്കുള്ള ചരക്കു വാഹന നീക്കം, വെള്ളം, വൈദ്യുതി തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും സംഘം നിരീക്ഷിക്കും.

പോലീസ്, ആരോഗ്യവകുപ്പ് എന്നിവയില്‍ നിന്നും ഓരോ ഉദ്യോഗസ്ഥര്‍ സംഘത്തിനൊപ്പം 24 മണിക്കൂറും ഉണ്ടാകുമെന്നും പൂന്തുറ കമ്മ്യൂണിറ്റി സെന്ററില്‍ ആവശ്യമായ ജീവനക്കാരെയും ആംബുലന്‍സ് അടക്കമുള്ള എല്ലാ സൗകര്യങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പ്രദേശത്തുള്ള ആശുപത്രികള്‍ ചികില്‍സ നിഷേധിക്കാന്‍ പാടില്ലെന്നും രോഗലക്ഷണമുള്ള രോഗികളെത്തിയാല്‍ അവരെ നിര്‍ബന്ധമായും സ്‌ക്രീനിങിന് വിധേയരാക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. 

രാവിലെ 10 മുതല്‍ 5 വരെ മൊബൈല്‍ മാവേലി സ്റ്റോര്‍, മൊബൈല്‍ എ.ടി.എം എന്നിവ ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുമെന്നും പൊതുജനങ്ങള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.