Skip to main content

കേരളത്തിന്റെ രാഷ്ട്രീയ മുത്തശി കെ.ആര്‍. ഗൗരി അമ്മ നൂറ്റിരണ്ടാം വയസിലേക്ക്. ചൊവ്വാഴ്ച യാണ് പിറന്നാള്‍. മിഥുന മാസത്തിലെ തിരുവോണം നാളില്‍ പട്ടണക്കാട് കളത്തില്‍ പറമ്പില്‍ രാമന്റെയും പാര്‍വ്വതിയുടെയും ഏഴാമത്ത മകളായി ജനനം.സമ്പദ് സമൃദ്ധിയുടെ നിറവിലേക്ക് പിറന്നുവീണിട്ടും ജന്മിത്വത്തിനെതിരായ പടയോട്ടത്തിന്റെ മുന്‍നിരക്കാരിയാകാനായിരുന്നു ഈഴവ സമുദായത്തിലെ ആദ്യ അഭിഭാഷകയ്ക്ക് ഇഷ്ടം. അങ്ങനെ കേരളത്തിലെ കമ്യൂണിസ്റ്റ് ആചാര്യന്‍ പി.കൃഷ്ണപിള്ളയില്‍ നിന്ന് അംഗത്വം സ്വീകരിച്ച് അവര്‍ കമ്യൂണിസ്റ്റ് ആയി.

അനീതിയേയും വ്യവസ്ഥിതിയേയും വിവേചനങ്ങളേയും ചോദ്യം ചെയ്തു മുന്നേറിയ ഈ പെണ്‍ പോരാളിയെ കേരളം വയലാര്‍ റാണിയെന്ന് വിളിച് ഊറ്റം കൊണ്ടു. കേരളത്തിലെ ആദ്യ മന്ത്രിസഭയില്‍ തന്നെ പ്രാതിനിധ്യമുറപ്പിക്കാനുളള നേതൃപാടവം പ്രദര്‍ശിപ്പിച്ച മികച്ച ഭരണാധികാരിയെന്ന് പേരെടുത്തത് ആരുടെയും ഔദാര്യത്തിലായിരുന്നില്ല. കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍. ഗൗരി നയിച്ചീടും എന്ന മുദ്രാവാക്യം മുഴക്കി അധികാരത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി മുഖ്യമന്ത്രി കസേര നിഷേധിച്ചപ്പോഴും തളര്‍ന്നില്ല ഗൗരിഅമ്മയിലെ പോരാളി. പാര്‍ട്ടിക്കുള്ളിലെ ആണ്‍കോയ്മക്കും സവര്‍ണ്ണ മേധാവിത്വത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടപ്പോള്‍, ഭര്‍ത്താവിനെ തള്ളി പാര്‍ട്ടിയെ സ്‌നേഹിച്ച ഈ പെണ്‍പുലിക്ക് പുറത്തേക്കുള്ള വാതില്‍ ചൂണ്ടിക്കാട്ടുകയായിരുന്നു നേതൃത്വം.

വിട്ടു കൊടുക്കാന്‍ തയാറായിരുന്നില്ല ഗൗരി അമ്മയിലെ പോരാളി. 76-ാം വയസില്‍ ജെ.എസ്.എസ്. എന്ന രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു കൊണ്ടായിരുന്നു മറുപടി. ചതിച്ചവരോട് കണക്ക് തീര്‍ക്കാന്‍ എതിര്‍ചേരിക്കൊപ്പം ചേര്‍ന്നു. രണ്ടു തവണ മന്ത്രിയായി. 2011 വരെ തിരഞ്ഞെടുപ്പ് കളത്തില്‍ പോരാട്ടം തുടര്‍ന്നു. ആരോടും തോല്‍ക്കാന്‍ മനസില്ലാത്ത ഗൗരിഅമ്മ ഇപ്പോഴും പോരാട്ടത്തിലാണ്. പ്രായത്തെ തോല്പിക്കാനുള്ള പോരാട്ടത്തില്‍.