Skip to main content

രണ്ട് ദിവസം മുമ്പ് ചികില്‍സ തേടി എത്തിയ ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എറണാകുളം കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി അടച്ചു. ആശുപത്രിയിലെ 15 ജീവനക്കാരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. കൊവിഡ് സ്ഥിരീകരിച്ച രോഗിയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കടവന്ത്രയിലെ ഫ്‌ളാറ്റിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇയാളുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ ക്വാറന്റൈനിലാക്കി. 

ജില്ലയില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. വിദേശത്ത് നിന്നെത്തുന്ന എല്ലാവര്‍ക്കും ആന്റിജന്‍ പരിശോധനകള്‍ നടത്തും. ഇതിനായി വിമാനത്താവളത്തില്‍ കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയില്‍ ന്യുമോണിയ ബാധിച്ച് ചികില്‍സയിലിരുന്ന സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് 72 ആശുപത്രി ജീവനക്കാരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരുന്നു. ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചവരുടെ ആന്റിജന്‍ പരിശോധന നടത്തി വരികയാണ്. ഇതില്‍ 25 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ബാക്കിയുള്ളവരുടെ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.