ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കൊറോണ പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാത്രമെ തീരുമാനമെടുക്കൂ എന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. നിലവില്‍ ഇതുസംബന്ധിച്ച് നിര്‍ദേശം മുന്നോട്ടുവെക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ചൊവ്വാഴ്ച പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിന് ശേഷമായിരിക്കും ഇത്തരം കാര്യങ്ങളില്‍ തീരുമാനം ഉണ്ടാവുക.
മറ്റ് രാജ്യങ്ങളിലെ മലയാളികള്‍ക്ക് പരിശോധന നടത്താനും ചികില്‍സ ഉറപ്പുവരുത്താനും നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് കേന്ദ്രസര്‍ക്കാര്‍ ചെയ്യുമെന്ന് തന്നെയാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന മലയാളികള്‍ക്ക് കൊവിഡ് പരിശോധന നടത്തിയ ശേഷം വരണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത് അവരുടെ തന്നെ സുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു. പോസിറ്റീവ് ആയ ആളുകളില്‍ നിന്ന് സഹയാത്രക്കാര്‍ക്ക് രോഗം പകരുന്ന സാഹചര്യം ഒഴിവാക്കാനാണ് പരിശോധിച്ച ശേഷം വരുന്നതായിരിക്കും ഉചിതം എന്ന് പറഞ്ഞത്.
സമൂഹവ്യാപനം തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. ധാരാളം ആളുകള്‍ വരുകയും പോസിറ്റീവ് കേസുകളുടെ എണ്ണം കൂടുകയും ചെയ്യുമ്പോള്‍ സമൂഹവ്യാപനത്തിന് സാധ്യതയുണ്ട്. ഇതുവരെയുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സമൂഹവ്യാപനത്തെ ചെറുക്കാന്‍ സാധിച്ചിട്ടുണ്ട്. ഇതുവരെയുള്ള കണക്കുകള്‍ നോക്കുമ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കണക്കുകള്‍ നോക്കുമ്പോള്‍ വന്‍ തോതില്‍ സമൂഹവ്യാപനം ഉണ്ടായതായി കാണാം. ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം പത്ത് ശതമാനം മാത്രമാണ് സമ്പര്‍ക്കം മൂലമുള്ള വ്യാപനം. അത് 5% ആക്കി കുറയ്ക്കാന്‍ കഴിഞ്ഞാല്‍ നാം രക്ഷപ്പെട്ടു. അതിനുള്ള കൂട്ടായ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.