തൃശ്ശൂര്‍ ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്നതും പലരുടെയും രോഗ ഉറവിടം കണ്ടെത്താന്‍ ആകാത്തതും ആശങ്ക പരത്തുന്നു. വ്യാഴാഴ്ച ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച 25 പേരില്‍ 14 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഈ 14 പേരുടെ സമ്പര്‍ക്കപ്പട്ടിക ആരോഗ്യ വകുപ്പിന് തയ്യാറാക്കാന്‍ ആയിട്ടില്ല. അതിനാല്‍ തന്നെ ഉച്ചയ്ക്ക് ശേഷം 3 മണിയോടെ മന്ത്രി എ.സി മൊയ്തീന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും.
ഗുരുതരമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ തൃശ്ശൂരില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. നിയന്ത്രണങ്ങള്‍ സംബന്ധിച്ചും മറ്റ് നടപടികളെ കുറിച്ചും യോഗത്തില്‍ തീരുമാനമാകും. നിലവില്‍ ജില്ലയിലൊട്ടാകെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍ അറിയിച്ചു. മൂന്ന് മണിക്കുള്ള യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
സെന്‍ട്രല്‍ വെയര്‍ഹൗസ് ഗോഡൗണിലെ നാല് ചുമട്ടു തൊഴിലാളികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗോഡൗണ്‍ അടച്ചിട്ടു. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ഉള്‍പ്പെടെ 5 ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനാല്‍ കുറച്ച് ദിവസങ്ങളില്‍ ആശുപത്രിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആശുപത്രി സൂപ്രണ്ട് പി.കെ ശ്രീജ അറിയിച്ചു. വ്യാഴാഴ്ച വൈകിട്ടോടെയാണ് ആശുപത്രിയിലെ 5 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം പുറത്തു വന്നത്. ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരെയും കഴിഞ്ഞ ദിവസം കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. അടിയന്തര സാഹചര്യമില്ലാതെ ഒരു രോഗിയെയും ആശുപത്രിയില്‍ ചികില്‍സിക്കില്ല. മറ്റ് സേവനങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും.
തൃശ്ശൂര്‍ കോര്പ്പറേഷന് ഓഫീസിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് കേന്ദ്രത്തില്‍ ഡ്യൂട്ടിയ്ക്കുണ്ടായിരുന്ന 4 ശുചീകരണ തൊഴിലാളികള്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോര്പ്പറേഷന് മെയിന്‍, സോണല്‍ ഓഫീസുകളിലേക്കുള്ള പ്രവേശനം കര്‍ശനമായി നിയന്ത്രിക്കും. കോര്പ്പറേഷന് കോമ്പൗണ്ടിലേക്ക് കൗണ്‍സിലര്‍മാരുടെയും ഓഫീസ് ജീവനക്കാരുടെയും വാഹനങ്ങള്‍ക്ക് മാത്രമെ പ്രവേശനം ഉണ്ടാകു.
ജില്ലയിലെ കൊറോണ വ്യാപനം കണക്കിലെടുത്ത് വെറ്ററിനറി സര്‍വകലാശാലയുടെ കീഴില്‍ മണ്ണൂത്തിയിലും കൊക്കാലയിലുമുള്ള ആശുപത്രികളില്‍ ചികില്‍സയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രവൃത്തി സമയങ്ങളില്‍ അടിയന്തര ചികില്‍സ വേണ്ട മൃഗങ്ങളെ മാത്രമെ പരിശോധിക്കൂ.