തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്ക് നല്‍കുന്ന ഡീസലിന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ.ഒ.സി.) വീണ്ടും വില വര്‍ധിപ്പിച്ചു. വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള ഡീസല്‍ വിലയില്‍ 1.22 രൂപയുടെ വര്‍ധന വരുത്തിയപ്പോള്‍ കെ.എസ്.ആര്‍.ടി.സി വാങ്ങുന്ന ഡീസലിന്റെ വില 63.32 രൂപയായി. ദിവസം ഏഴ് ലക്ഷത്തോളം രൂപയുടെ അധിക ബാധ്യതയായിരിക്കും കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടാകുക.
വന്‍കിട ഉപയോക്താക്കള്‍ ഡീസല്‍ സബ്‌സിഡിയില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് കഴിഞ്ഞമാസം മുതല്‍ 11.50 രൂപ അധികം നല്‍കിയാണ് കെ.എസ്.ആര്‍.ടി.സി ഡീസല്‍ വാങ്ങുന്നത്. പ്രതിദിനം നാലരലക്ഷത്തിലധികം ലിറ്റര്‍ ഡീസല്‍ ഉപയോഗിക്കുന്ന ഇതു വന്‍ സാമ്പത്തിക പ്രതിസന്ധി ഉയര്‍ത്തിയിരുന്നു. കെ.എസ്.ആര്‍.ടി.സിക്ക് ഡീസല്‍ സബ്‌സിഡി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ആര്യാടന്‍ മുഹമ്മദ് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലിയെ ഞായറാഴ്ച കാണുന്നുണ്ട്.