Skip to main content

mayaanadhi

ലളിതമായൊരു കഥയെ വ്യത്യസ്തമായ അവതരണത്തിലൂടെയും ചിത്രീകരണ മികവിലൂടെയും പ്രേക്ഷക മനസ്സില്‍ കുടിയിരുത്തുകയാണ് ആഷിക് അബു മായാനദിയിലൂടെ. നദിയെ പോലെ ഒഴുകി പോകുന്ന ഒരു സിനിമ, ഈ ഒഴുക്കിലെ പതിഞ്ഞ താളവും സുഗന്ധ ഭാവവും ആസ്വാദനത്തിന്റെ ഉയര്‍ന്ന തലത്തിലേക്ക് സിനിമയെ എത്തിക്കുന്നു. ശ്യാം പുഷ്‌കറും ദിലീഷ് നായരും ഒരു മാന്ത്രിക രചന തന്നെയാണ് മായാനദിയുടെ സ്‌ക്രിപ്റ്റില്‍ നടത്തിയിരിക്കുന്നത്.

 

136 മിനിറ്റ് ദൈര്‍ഖ്യമുള്ള ചിത്രത്തില്‍ അനാവശ്യമായ സംഭാഷണമോ സംഘട്ടനമോ ഇല്ല, തികച്ചും സ്വാഭാവികമായി ജീവിക്കുന്ന കഥാപാത്രങ്ങള്‍ മാത്രം.

 

നഗരത്തില്‍ ജീവിച്ച് വളര്‍ന്ന, ഒരുപാട് ഉത്തരവാദിത്തങ്ങളും സ്വപ്‌നങ്ങളുമുള്ള അപര്‍ണ്ണ എന്ന അപ്പുവും ജീവിത പ്രതിസന്ധികള്‍ ഹവാല ഇടപാടുകാരനാക്കിമാറ്റിയ മാത്യൂസ് എന്ന മാത്തനും തമ്മിലുള്ള പ്രണയാമാണീ മായാനദി. മാത്തനില്‍ വിശ്വാസമില്ലാത്തതിനാല്‍ അപ്പു എന്നേ അവസാനിപ്പിച്ചതാണ് അവരുടെ പ്രണയം. എന്നാല്‍ പിന്നെയും അവളെ തേടിവരുന്ന മാത്തനും അവര്‍തമ്മിലുള്ള സൗഹൃദ നിമിഷങ്ങളും ഇരുവരിലും സന്തോഷം നിറയ്ക്കുന്നു ഒപ്പം പ്രേക്ഷകരിലും.

 

ആദ്യം പ്രണയിക്കുക, പിന്നെ പ്രണയം അവസാനിക്കുന്നിടത്ത് വച്ച് ഒരു തേപ്പ് പാട്ട് പാടുക പെണ്ണിനെ വിശ്വസിക്കാന്‍ കൊള്ളാത്തവളാക്കുക തുടങ്ങിയ മലയാള സിനിമയിലെ പതിവ് ചടങ്ങുകളില്‍ നിന്നും വ്യത്യസ്തമാണിവിടെ. ഒരു സന്തോഷ വേളയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം തന്റെ ജീവിതത്തിലേക്ക് അപ്പുവിനെ ക്ഷണിക്കുന്ന മാത്തന് മറുപടി sex ഒരു വാക്കുതരലല്ല എന്നാണ്. sex നു ശേഷം സ്ത്രീ അവന്റേതുമാത്രം എന്ന സമൂഹത്തിന്റെ കാഴ്ചപ്പാടിനെ തിരുത്തിയെഴുതിയ തീവ്ര രംഗമായിരുന്നു അത്.

 

സങ്കീര്‍ണമായ പ്രണയമാണ് ഇരുവരുടെയും, ഈ സങ്കീര്‍ണത തന്നെയാണ് അതിന്റെ മനോഹാരിതയും. ചിത്രത്തില്‍ മാത്തനായി ടൊവിനോയും അപ്പുവായി ഐശ്വര്യ ലക്ഷ്മിയും വളരെ നല്ല അഭിനയം കാഴ്ച വെച്ചിട്ടുണ്ട്. ഇരുവരുടെയും കരിയറിലെ മികച്ച പ്രകടനം തന്നെയാകും മായാനദിയിലേത്.

 

പതിവ് നായകന്റെ വീരശൂര പരാക്രമങ്ങളോ ഹീറോയിസമോ ഇവിടെ ഇല്ല, പകരം സമൂഹത്തിലെ പച്ചയായ കഥാപാത്രങ്ങളെ അതേപടി കൊട്ടകയില്‍ എത്തിച്ചിരിക്കുകയാണ് സംവിധായകന്‍. ഇതില്‍ ഛായാഗ്രാഹകന്‍ ജയേഷ് മോഹന്റെ പങ്കും മികച്ചുനില്‍ക്കുന്നു. ഓരോ ഫ്രയിമിനും ഉതകുന്ന തരത്തില്‍ ക്യാമറ ചലിപ്പിച്ച് സിനിമയുടെ അന്തരീക്ഷം നിലര്‍ത്തിയിട്ടുണ്ട് ക്യാമറാമാന്‍. അതുപോലെ തന്നെ പശ്ചാത്തല സംഗീതവും റെക്‌സ് വിജയനൊരുക്കിയ ഗാനങ്ങളും എടുത്ത് പറയേണ്ടതാണ്.

 

ചിലസീനുകളില്‍ കുറച്ച് ലാഗ് വരുന്നുണ്ടെങ്കിലും മൊത്തലിലുള്ള സിനിമയുടെ ഭാവത്തെ കണക്കിലെടുക്കുമ്പോള്‍ അത് ആവശ്യമായിരുന്നെന്ന് തോന്നും. നിശ്ബദതയുടെ സൗന്ദര്യത്തെയും ചിത്രത്തില്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

 

സമീറ എന്ന നടിയുടെ ജീവിതത്തിലൂടെ സിനിമയിലും സമൂഹത്തിലും സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ചിത്രം ചര്‍ച്ചചെയ്യുന്നു.

 

സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ നമുക്ക് പറയാനുള്ളത് അതിലെ തമാശകളോ സംഘട്ടനങ്ങളോ അല്ല, മറിച്ച് സിനിമ നമ്മുടെ മനസ്സിനെ അലട്ടുകയാണ്, ഒരു ക്ലാസ്സ് സിനിമയുടെ വിജയത്തിന് അതില്‍ക്കൂടുതല്‍ ഒന്നും വേണ്ടല്ലോ? എല്ലാ നാടകീയതയേയും മുറിച്ചു കളഞ്ഞ്, പച്ചയായ ജീവിതത്തെ അവതരിപ്പിച്ച്, മലയാള സിനിമയുടെ അവതരണ രീതിയിലും പ്രേക്ഷകരുടെ ചിന്തയിലും ഒരു വഴിത്തിരിവ് സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട് മായാനദിക്ക്.