Skip to main content

മലമ്പുഴയില്‍ കുമ്പാച്ചിമലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ ചെലവായത് 75 ലക്ഷം രൂപയോളമെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രാഥമിക കണക്ക്. ബില്ലുകള്‍ ഇനിയും ലഭിക്കാനുണ്ടെന്നിരിക്കെ ചിലവ് കൂടുമെന്നാണ് പാലക്കാട് ജില്ലാ ഭരണകൂടം പറയുന്നത്. കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്ടര്‍, വ്യോമസേന ഹെലികോപ്ടര്‍, കരസേന മറ്റ് രക്ഷാപ്രവര്‍ത്തവര്‍ എന്നിവര്‍ക്ക് 50 ലക്ഷം രൂപ ചെലവായി.

കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്ടറിന് മണിക്കൂറിന് രണ്ട് ലക്ഷം രൂപയാണ് ചെലവായത്. ആദ്യ ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് പ്രാദേശിക സംവിധാനമാണ് ഉപയോഗിച്ചത്. ഏറ്റവും ഒടുവിലാണ് കരസേനയുടെ രക്ഷാദൗത്യ സംഘത്തെ എത്തിച്ചത്. കരസേനയുടെ ദൗത്യ സംഘത്തിന് 15 ലക്ഷത്തിലേറെ ചെലവായി. എന്‍.ഡി.ആര്‍.എഫ്, ലോക്കല്‍ ഗതാഗത സംവിധാനങ്ങള്‍ തുടങ്ങി മറ്റ് അനുബന്ധ ചെലവ് ഉള്‍പ്പെടെ മുപ്പത് ലക്ഷത്തിലേറെ ചെലവായിട്ടുണ്ടെന്നാണ് കണക്ക്.

തിങ്കളാഴ്ചയാണ് ബാബു കുമ്പാച്ചി മലയില്‍ കുടുങ്ങിയത്. തിങ്കളാഴ്ച തുടങ്ങിയ രക്ഷാപ്രവര്‍ത്തനം ബുധനാഴ്ചയാണ് അവസാനിച്ചത്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി വെള്ളിയാഴ്ചയാണ് ബാബു വീട്ടിലെത്തിയത്.