Skip to main content

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ശബ്ദപരിശോധനയ്ക്ക് നടന്‍ ദിലീപ് കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എത്തി. ദിലീപിന് പുറമെ അനൂപിന്റെയും സുരാജിന്റെയും ശബ്ദ പരിശോധന നടക്കും. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ഓഡിയോ സംഭാഷത്തിലെ ശബ്ദം പ്രതികളുടേത് തന്നെയാണോ എന്ന് ശാസ്ത്രീയമായി ഉറപ്പ് വരുത്തുന്നതിനാണ് ശബ്ദ പരിശോധന.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോന നടത്തിയെന്ന കേസ് റദ്ദാക്കുന്നതിന് ദിലീപ് ഹൈക്കോടതിയില്‍ അടുത്ത ദിവസങ്ങളിലായി ഹര്‍ജി സമര്‍പ്പിക്കാന്‍ സാധ്യതയുണ്ട്. ഇന്നലെയായിരുന്നു ദിലീപിനും മറ്റ് പ്രതികള്‍ക്കും കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

ഉപാധികളോടെയായിരുന്നു കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസിന്റെ തുടര്‍ അന്വേഷണത്തിന് സഹകരിച്ചില്ലെങ്കില്‍ ദിലീപിനെയും മറ്റ് പ്രതികളെയും അറസ്റ്റ് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ പറയുന്നു. അന്വേഷണ സംഘം ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍.

ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ പ്രോസിക്യൂഷന്‍ സുപ്രീംകോടതിയെ സമീപിക്കും. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനാണ് പ്രോസിക്യൂഷന്‍ തീരുമാനിച്ചിരിക്കുന്നത്.