Skip to main content

നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന് ആശ്വാസം. മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ കോടതി അനുമതി നല്‍കി. പുതിയ അഞ്ച് സാക്ഷികളെ കൂടി വിസ്തരിക്കാനുള്ള പ്രോസിക്യൂഷന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചു. കേസില്‍ 10 ദിവസത്തിനകം പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. രേഖകള്‍ വിളിച്ചു വരുത്തണം എന്ന ഹര്‍ജിയും അനുവദിച്ചു.

രണ്ട് പ്രധാനപ്പെട്ട ആവശ്യങ്ങളാണ് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍ ഉന്നയിച്ചിരുന്നത്. നേരത്തെ വിചാരണക്കോടതി ഈ ആവശ്യങ്ങള്‍ തള്ളിയിരുന്നു. കേസില്‍ 16 സാക്ഷികളെ കൂടുതല്‍ വിസ്തരിക്കണം എന്നതായിരുന്നു പ്രധാന ആവശ്യം. മൊബൈല്‍ ഫോണ്‍ രേഖകളുടെ അസ്സല്‍ പകര്‍പ്പ് ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നായിരുന്നു മറ്റൊരു ആവശ്യം. ഇതില്‍ രണ്ട് ആവശ്യവും ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട 16 സാക്ഷികള്‍ക്ക് പകരം പ്രധാനപ്പെട്ട എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച്ച പരിഗണിക്കും. അത് വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കിയത്. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് ശക്തമായിത്തന്നെ എതിര്‍ത്തിരുന്നു.