Skip to main content

സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ തിയ്യതികളില്‍ മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. മുന്‍കരുതലിന്റെ ഭാഗമെന്ന നിലയ്ക്കാണ് ഒമ്പതാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് തല്‍ക്കാലം വീട്ടിലിരുന്ന് പഠിക്കാനുള്ള സൗകര്യം ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു. പത്ത്, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ക്കുള്ള പുതുക്കിയ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കും. 

എസ്.എസ്.എല്‍.സി സിലബസ് ഫെബ്രുവരി 1 ന് പൂര്‍ത്തിയാക്കും. പ്ലസ് ടു സിലബസ് ഫെബ്രുവരി അവസാനവും പൂര്‍ത്തിയാക്കും.തിങ്കളാഴ്ച ഉന്നതതല യോഗം ചേര്‍ന്ന് 10,11,12 ക്ലാസുകള്‍ക്ക് വേണ്ട കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളും ഇനി സ്‌കൂള്‍ തുറക്കുമ്പോള്‍ വേണ്ട തയാറെടുപ്പുകളും ചര്‍ച്ച ചെയ്യും. 

കൊവിഡ് രോഗബാധിതരുടെ എണ്ണമുയരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ ഭാഗികമായി അടയ്ക്കാന്‍ തീരുമാനിച്ചത്. നിയന്ത്രണങ്ങളുടെ ഭാഗമായി ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളാണ് ഓണ്‍ലൈനായി നടത്തുക. ഈ മാസം 21 മുതലാണ് സ്‌കൂളുകള്‍ അടച്ചിട്ട് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുക. സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കാനാണ് 21 മുതലെന്ന തീരുമാനമെന്ന് മന്ത്രി അറിയിച്ചു.