Skip to main content

നടന്‍ ദിലീപിന്റെ വീട്ടിലും സ്ഥാപനങ്ങളിലും നടന്ന പോലീസ് റെയ്ഡ് പൂര്‍ത്തിയായി. കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. മൂന്നിടങ്ങളിലായി നടന്ന റെയ്ഡ് ഏഴു മണിക്കൂര്‍ നീണ്ടു. കോടതിയുടെ അനുമതിയോടെയായിരുന്നു റവന്യൂ, ക്രൈംബ്രാഞ്ച് സംയുക്ത സംഘത്തിന്റെ പരിശോധന. ദിലീപിന്റെ ആലുവയിലെ വീട്ടിലും നിര്‍മാണ കമ്പനി ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് ഓഫിസിലും സഹോദരന്‍ അനൂപിന്റെ തോട്ടെക്കാട്ടുകരയിലുള്ള വീട്ടിലുമാണ് റെയ്ഡ് നടന്നത്. 

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോസ്ഥന്‍ ഉള്‍പ്പടെയുള്ളവരെ വധിക്കുന്നതിനു ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വ്യാഴാഴ്ച നടന്‍ ദിലീപിന്റെ വീട്ടില്‍ പോലീസ് മിന്നല്‍ പരിശോധനയ്‌ക്കെത്തിയ്. നാലു പോലീസ് വാഹനങ്ങളാണ് ദിലീപിന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്. ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലാചന നടത്തിയെന്ന വെളിപ്പെടുത്തലില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ദിലീപിന്റെ വീട്ടിലെ പോലീസ് പരിശോധന.