Skip to main content

കേരള പോലീസില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചകളുമായി ആഭ്യന്തരവകുപ്പ്. എല്ലാ വകുപ്പുകളിലും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് പ്രാതിനിധ്യം നല്‍കുന്നതിന്റെ ഭാഗമായി വനിത- ശിശുക്ഷേമ വകുപ്പാണ് എല്ലാ വകുപ്പുകളോടും അഭിപ്രായം തേടിയത്. ആഭ്യന്തരവകുപ്പിലെത്തിയ അപേക്ഷയില്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഇപ്പോള്‍ പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയോടും ബറ്റാലിയന്‍ എ.ഡി.ജി.പിയോടുമാണ് ആഭ്യന്തരവകുപ്പ് റിപ്പോര്‍ട്ട് തേടിയത്. 

സര്‍ക്കാര്‍ നിര്‍ദ്ദേശം ഇതേവരെ ലഭിച്ചിട്ടില്ലെന്നും അതിനാല്‍ പരിശോധനകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും പോലീസ് ആസ്ഥാനവൃത്തങ്ങള്‍ അറിയിച്ചു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സേനയില്‍ എടുക്കുന്നത് സംബന്ധിച്ച് ഇന്ത്യയിലെ പല സംസ്ഥാനങ്ങളും തീരുമാനമെടുത്തിട്ടുണ്ട്.

കര്‍ണാടകയില്‍ പോലീസിലേക്ക് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം പ്രധാന പത്രങ്ങളില്‍ രണ്ടാഴച്ച മുമ്പ് സര്‍ക്കാര്‍ നല്‍കിയിരുന്നു. എസ്.ഐ, റിസര്‍വ്ഡ് ബറ്റാലിയന്‍ ലിസ്റ്റിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചത്. 22 അപേക്ഷകള്‍ ലഭിച്ചു. തമിഴ്‌നാട്ടില്‍ ഒരു എസ്.ഐയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ളത്. ഛത്തീസ്ഖണ്ഡില്‍ 13 ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ കോണ്‍സ്റ്റബിള്‍മാരായി തെരഞ്ഞെടുത്തിരുന്നു. 2017 ലാണ് ഇതുസംബന്ധിച്ച് ഛത്തീസ്ഖണ്ഡ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.