Skip to main content

കേരളാ പോലീസിനെതിരെ വിമര്‍ശനവുമായി സമസ്ത. ആര്‍.എസ്.എസ് അജണ്ടയാണ് പോലീസ് നടപ്പാക്കുന്നത് എന്നാണ് സമസ്ത മുഖപത്രമായ സുപ്രഭാതത്തിന്റെ മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നത്. സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂരിനെതിരെ കേസെടുത്തതിന് പിന്നാലെയാണ് സമസ്തയുടെ വിമര്‍ശനം. കൊവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു സമദ് പൂക്കോട്ടൂരിനെതിരെ തിരൂരങ്ങാടി പോലീസ് കേസ് എടുത്തത്.

പോലീസിന്റെ നിയന്ത്രണം മുഖ്യമന്ത്രി പിണറായി വിജയനാണോ അതോ, നിക്ഷിപ്ത താല്‍പര്യക്കാര്‍ക്കാണോ എന്നാണ് സമസ്തയുടെ ചോദ്യം. കെ റെയില്‍ പദ്ധതിയില്‍ ഉറച്ച നിലപാടുമായി മുന്നോട് പോകുന്ന മുഖ്യമന്ത്രിക്ക് എന്തുകൊണ്ടാണ് പോലീസിന്റെ ഇട്ടത്താപ്പുകള്‍ക്കെതിരെ ഉറച്ച നിലപാട് എടുക്കാന്‍ കഴിയാതെ പോകുന്നതെന്ന് മുഖപ്രസംഗത്തില്‍ ചോദിക്കുന്നു. പോലീസിന്റെ ഇരട്ടത്താപ്പിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂരിനെതിരായ കള്ളക്കേസ്. 

മലപ്പുറം ജില്ലയിലെ വെന്നിയൂര്‍ പൂക്കിപ്പറമ്പില്‍ തെന്നല മുസ്ലീം കോ ഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ന്യൂനപക്ഷാവകാശ സംരക്ഷണം സമ്മേളനത്തില്‍ പ്രസംഗിച്ചതിനാണ് കേസ്. കൊവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ചു എന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍, കൊവിഡ് സംബന്ധമായ എല്ലാം പ്രോട്ടോക്കോളും പാലിച്ചിരുന്നുവെന്നും സമ്മേളനം നടത്താന്‍ പോലീസിന്റെ അനുമതി വാങ്ങിയിരുന്നെന്നും സമസ്ത വിശദീകരിക്കുന്നു.