Skip to main content

പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെ സഹായിച്ചെന്ന ആരോപണത്തില്‍ സസ്പെന്‍ഷനിലായ ഐ.ജി ലക്ഷ്മണയെ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ നീക്കം. ലക്ഷ്മണയുടെ സസ്പെന്‍ഷന്‍ പുനഃപരിശോധിക്കാന്‍ ചീഫ് സെക്രട്ടറിതല സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.

മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ ഐജി ലക്ഷ്മണയെ ക്രൈം ബ്രാഞ്ച് വേണ്ട തെളിവുകളില്ലെന്ന് കാണിച്ച് ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ല. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് സര്‍ക്കാരിന് നല്‍കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സസ്പെന്‍ഷന്‍ പുനഃപരിശോധിക്കുന്നത്. മോന്‍സന്റെ പുരാവസ്തു തട്ടിപ്പില്‍ ഐ.ജി ഇടനിലക്കാരന്‍ ആയെന്നാണ് പരാതിക്കാര്‍ നല്‍കിയ മൊഴി.

സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ ഗുരുതരമായ പിഴവാണ് കടന്നു കൂടിയത്. ഐ.ജി ലക്ഷ്മണ ഐ.എഫ്.എസ് ഉദ്യോഗസ്ഥനാണെന്നാണ് ഉത്തരവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഉത്തരവിന്റെ പകര്‍പ്പ് വെച്ചിരിക്കുന്നത് കേന്ദ്ര വന മന്ത്രാലയത്തിനുമാണ്.