Skip to main content

പുതുവര്‍ഷത്തലേന്ന് മദ്യവുമായി താമസ സ്ഥലത്തേക്കുപോയ വിദേശിയെ പോലീസ് അവഹേളിച്ചെന്ന പരാതിയില്‍ പോലീസുകാരനെതിരെ നടപടി. കോവളം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയെ സസ്പെന്‍ഡ് ചെയ്തു. ബിവറേജസ് ഔട്ട്ലെറ്റില്‍നിന്ന് വാങ്ങിയ മദ്യമാണ് വിദേശിയുടെ കൈവശമുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടും വിദേശിയെ തടഞ്ഞുവെച്ചത് ഗുരുതരമായ പിഴവാണെന്നാണ് പ്രാഥമിക കണ്ടെത്തല്‍. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. സി.ഐയുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടോ എന്നും പരിശോധിക്കും.

സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. പോലീസ് നടപടി ടൂറിസത്തിന് തിരിച്ചടിയാണെന്ന് പറഞ്ഞ മന്ത്രി മുഹമ്മദ് റിയാസ് സര്‍ക്കാരിന് ഒപ്പം നിന്ന് അള്ള് വെക്കുന്നവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.

ന്യൂയര്‍ ആഘോഷത്തിന് മദ്യവുമായി പോയ സ്റ്റീഫന്‍ ആസ് ബര്‍ഗിനെ ഇന്നലെയാണ് കേരള പോലീസ് തടഞ്ഞത്. സ്റ്റീഫന്റെ സ്‌കൂട്ടറില്‍ നിന്ന് മൂന്ന് ഫുള്‍ ബോട്ടില്‍ മദ്യം കണ്ടെടുത്ത പോലീസ് മദ്യം വാങ്ങിയ ബില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. ബിവറേജില്‍ നിന്ന് ബില്ല് വാങ്ങാന്‍ മറന്നെന്ന് സ്റ്റീഫന്‍ പറഞ്ഞെങ്കിലും പോലീസ് വിട്ടില്ല. കുപ്പിയടക്കം വലിച്ചെറിയാന്‍ പോലീസ് സ്റ്റീഫനോട് പറഞ്ഞു. ഇതോടെ സ്റ്റീഫന്‍ തന്റെ കൈയിലുണ്ടായിരുന്ന രണ്ട് ഫുള്ളും പൊട്ടിച്ച് മദ്യം പുറത്ത് കളഞ്ഞു. എന്നാല്‍ ആരോ സംഭവം മൊബൈലില്‍ പകര്‍ത്തുന്നെന്ന് കണ്ടപ്പോള്‍ മദ്യം കളയണ്ട ബില്‍ വാങ്ങിവന്നാല്‍ മതിയെന്നായി പോലീസ്. പിന്നാലെ നിരപരാധിയാണെന്ന് പോലീസിന് വ്യക്തമാക്കാന്‍ ബിവറേജില്‍ പോയി സ്റ്റീഫന്‍ ബില്ലും വാങ്ങി സ്റ്റേഷനില്‍ ഹാജരാക്കി.