Skip to main content

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച സമ്മേളനത്തില്‍ ഹിന്ദുവും ഹിന്ദുത്വയും വേര്‍തിരിച്ച് രാഹുല്‍ ഗാന്ധി നടത്തിയ വിവാദ പ്രസംഗത്തെ വിമര്‍ശിച്ച് സീറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. 'ഗോഡ്‌സെ ഹിന്ദുവാദിയായിരുന്നുവെങ്കില്‍ ഗാന്ധി ഹിന്ദുവായിരുന്നു' എന്ന് രാജസ്ഥാനിലെ രാഷ്ട്രീയ സമ്മേളനത്തില്‍ 'ആധുനികഗാന്ധി' വ്യവഛേദിക്കുമ്പോള്‍, ഹിന്ദുത്വവാദികള്‍ക്കുള്ള രാഷ്ട്രീയ മറുപടിയായി കയ്യടി കിട്ടുമെങ്കിലും മതേതര ഭാരതത്തിന്റെ പിന്‍നടത്തമായി ആ പ്രസ്താവന പിന്‍മാറുകയാണെന്ന് സത്യദീപം നിരീക്ഷിക്കുന്നു.

'ഭരണത്തില്‍ ഹിന്ദുക്കള്‍ മതി' എന്ന രാഹുലിന്റെ തുടര്‍പ്രസ്താവനയില്‍ രാജ്യത്തിനകത്തെ മത, ന്യൂനപക്ഷങ്ങള്‍ മാത്രമല്ല, മതേതരഭാരതം തന്നെയാണ് പുറത്തുപോകുന്നത്. പ്രസംഗത്തിലുടനീളം മതേതരത്വത്തെക്കുറിച്ച് പരാമര്‍ശിക്കാതിരുന്ന അദ്ദേഹത്തിന്റെ 'ഔചിത്യബോധം' ഭയപ്പെടുത്തുന്നതാണ്. ദേശീയ പതാകയെ മതമായി സ്വീകരിച്ച കോണ്‍ഗ്രസ് പാരമ്പര്യത്തിലെ, മതാതീത ദേശീയബോധത്തിലെ പുതിയ കലര്‍പ്പുകള്‍ മൃദുഹിന്ദുത്വ സമീപനമാണെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. യു.പിയിലെ തെരഞ്ഞെടുപ്പു യുദ്ധം ജയിക്കാന്‍ മതേതരായുധങ്ങള്‍ മതിയാകില്ലെന്ന രാഷ്ട്രീയ വെളിപാട് ജനാധിപത്യ ഇന്ത്യയെ നിരാശപ്പെടുത്തുന്നുവെന്നും സത്യദീപം എഡിറ്റോറിയല്‍ വിമര്‍ശിച്ചു. 137 വര്‍ഷത്തെ കോണ്‍ഗ്രസ്സിന്റെ മതേതര പാരമ്പര്യത്തില്‍ നിന്നുള്ള മാറി നടപ്പായി വിവക്ഷിക്കപ്പെട്ടതിനാലാണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വിവാദമായത് എന്നും എഡിറ്റോറിയല്‍ പറഞ്ഞു.

വഖഫ് ബോര്‍ഡ് പി.എസ്.സിക്ക് വിടുന്നതിനെതിരെ മുസ്ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച റലായെയും എഡിറ്റോറിയല്‍ വിമര്‍ശിച്ചു. 'മതമാണ് മറ്റെന്തിനെക്കാളും വലുതെന്ന' കോഴിക്കോട് കടപ്പുറത്തെ രാഷ്ട്രീയ പ്രഖ്യാപനം പേരില്‍ മാത്രമല്ല, പെരുമാറ്റത്തിലും ലീഗ് മതസംഘടനയാണെന്ന് വിളിച്ചുപറഞ്ഞു. സമുദായത്തിലെ തീവ്രനിലപാടുകാരോട് സമരത്തിലാകാതെ സമരസപ്പെടുന്ന ലീഗ് സമീപനം സമാനതകളില്ലാത്തതാണ് എന്നാണ് എഡിറ്റോറിയല്‍ പറയുന്നത്.

രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ രാഷ്ട്രീയ മുദ്രാവാക്യങ്ങളുയര്‍ത്തി രാഷ്ട്രീയമായി നേരിടാനുള്ള വിവേകം രാഷ്ട്രീയ പാര്‍ട്ടിയെന്നവകാശപ്പെടുന്നവര്‍ക്കുണ്ടാകണം. ജാതീയ ഉച്ചനീചത്വങ്ങള്‍ തീര്‍ത്ത വിഭാഗീയശക്തികള്‍ക്കെതിരെ നിരന്തരം പോരാടി നിര്‍മ്മിച്ചതാണ് നവോത്ഥാന കേരളം. എന്നാല്‍ ഇന്ന് അതേ വിഭാഗീയതയുടെ പ്രതിസ്ഥാനത്ത് തീവ്രമത സംഘടനകളാണെന്നും എഡിറ്റോറിയലില്‍ പറയുന്നു. ശ്രീരാം വിളികളും തക്ബീര്‍ ധ്വനികളും ക്രിസംഘി മുദ്രവാക്യങ്ങളുമല്ല, മതേതര ഭാരതത്തിന്റെ മഹാവാഴ്ത്തുകള്‍ കൊണ്ട് നമ്മുടെ രാഷ്ട്രീയാങ്കണം നിറയണമെന്നും ലേഖനത്തില്‍ പറയുന്നു.