Skip to main content

വീഡിയോയിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട് യൂ ട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഭാഗ്യലക്ഷമി, ശ്രീലക്ഷമി അറയ്ക്കല്‍, ദിയാ സന എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം നല്‍കിയിട്ടുള്ളത്. അതിക്രമിച്ചു കടക്കല്‍, കൈയേറ്റം ചെയ്യല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവയാണ് ചുമത്തിയ കുറ്റങ്ങള്‍.

2020 സെപ്തംബര്‍ 26നായിരുന്നു കേസിന് ആസ്പദമായ കയ്യേറ്റം നടന്നത്. വിജയ് പി നായര്‍ യുട്യൂബ് വീഡിയോയിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിന് പുറമേ ഭാഗ്യലക്ഷ്മിക്കെതിരെയും മോശം പരാമര്‍ശം നടത്തി. ഇതിനുപിന്നാലെ ഭാഗ്യലക്ഷ്മി, ശ്രീലക്ഷമി അറയ്ക്കല്‍, ദിയാ സന എന്നിവരടങ്ങുന്ന സംഘം ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജില്‍ കടന്നുകയറി ആക്രമിക്കുകയും കറുത്ത മഷി ഒഴിക്കുകയും ചെയ്തു. ഇനി ഒരു സ്ത്രീകള്‍ക്കു നേരേയും ഇത്തരം കാര്യങ്ങള്‍ പറയരുതെന്ന് പറഞ്ഞായിരുന്നു ഭാഗ്യലക്ഷ്മിയും സംഘവുമെത്തിയത്. പലരുടെയും പേര് പരാമര്‍ശിക്കാതെ അവര്‍ അലങ്കരിച്ച സ്ഥാനങ്ങളും മറ്റും ചൂണ്ടിക്കാട്ടിയായിരുന്നു യൂട്യൂബിലൂടെ വിജയ് നായര്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയത്. കേരളത്തിലെ ഫെമിനിസ്റ്റുകളെയും ലൈംഗിക ചുവയോടെ അധിക്ഷേപിക്കുന്നതായിരുന്നു വീഡിയോയിലെ പരാമര്‍ശങ്ങള്‍.

കയ്യേറ്റത്തിന് പിന്നാലെ സ്ത്രീകളോട് മാപ്പ് പറയുന്നുവെന്ന് വ്യക്തമാക്കി വിജയ് പി നായര്‍ രംഗത്തെത്തി. തനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വീഡിയോ തയ്യാറാക്കിയത്. വീഡിയോ ഇത്ര വൈറലാകുമെന്ന് താന്‍ കരുതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് പരാതിയില്ലെന്നും ആക്രമിച്ചത് അവരുടെ വൈകാരിക പ്രകടനമാണെന്നും യുട്യൂബര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ അടുത്ത ദിവസം തന്നെ നിലപാട് മാറ്റിയ വിജയ് നായര്‍ പരാതി നല്‍കുകയായിരുന്നു. അതിക്രമിച്ചുകയറി ആക്രമിച്ചെന്നും മൊബൈല്‍ ഫോണും ലാപ്പ്‌ടോപ്പും സംഘം കൊണ്ടു പോയെന്നുമായിരുന്നു പരാതിയില്‍ പറഞ്ഞത്. ഇതോടെയാണ് ഭാഗ്യലക്ഷ്മിയടക്കമുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. വിജയ് പി നായരുടെ മുറിയില്‍ നിന്നെടുത്ത ലാപ് ടോപ്പും മൊബൈലടക്കമുള്ളവയും ഭാഗ്യലക്ഷ്മിയും സംഘവും പോലീസിന് കൈമാറി. അതിനാല്‍ മോഷണകുറ്റം ചുമത്തിയിരുന്നെങ്കിലും പിന്നീട് അത് ഒഴിവാക്കുകയായിരുന്നു. 

തമ്പാനൂര്‍ പോലീസാണ് ഇപ്പോള്‍ കേസിലെ കുറ്റപത്രം നല്‍കിയത്. സ്ത്രീകള്‍ക്കെതിരായ അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ വിജയ് പി നായര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഈ കേസില്‍ ജാമ്യത്തിലാണ് ഇയാള്‍. ഈ കേസില്‍ ഇതുവരെയും കുറ്റപത്രം നല്‍കിയിട്ടില്ല.