Skip to main content

എറണാകുളത്ത് കോംഗോയില്‍ നിന്നെത്തി ഒമിക്രോണ്‍ സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടിക താരതമ്യേന വലുതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോംഗോ ഹൈ റിസ്‌ക് രാജ്യമല്ലാത്തതിനാല്‍ കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ച് സ്വയം നിരീക്ഷണമായിരുന്നു അനുവദിച്ചത്. എന്നാല്‍ ഇയാള്‍ ധാരാളം ആളുകളെത്തുന്ന ഷോപ്പിംഗ് മാളിലും റസ്റ്റോറന്റുകളിലും ഉള്‍പ്പെടെ പോയിരുന്നു. ഇയാളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി വരികയാണ്. റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണെന്നും എല്ലാ ജില്ലകളും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ഹൈ റിസ്‌ക് അല്ലാത്ത രാജ്യത്തില്‍ നിന്നും വന്നയാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കുമെന്നും സ്വയം നിരീക്ഷണത്തിലെ വ്യവസ്ഥകള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നും സാമൂഹിക ഇടപെടലുകള്‍, ആള്‍ക്കൂട്ടങ്ങളുള്ള സ്ഥലങ്ങള്‍, തീയറ്ററുകള്‍, മാളുകള്‍ എന്നിവ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രി അറിയിച്ചു.

എറണാകുളത്ത് യുകെയില്‍ നിന്നും എത്തിയാള്‍ക്കാണ് ആദ്യം ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള ഭാര്യയ്ക്കും (38) ഭാര്യാ മാതാവിനും (67), കോങ്കോയില്‍ നിന്നും വന്ന മറ്റൊരാള്‍ക്കുമാണ് (37) ഇന്നലെ എറണാകുളത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച യുവതിക്ക് (22) വിമാനത്തില്‍ നിന്നുള്ള സമ്പര്‍ക്കം മാത്രമാണുള്ളത്. ഇവര്‍ തിരുവനന്തപുരത്തെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലാണുള്ളത്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്.