Skip to main content

പിങ്ക് പോലീസ് കേസില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. സ്ഥലംമാറ്റം ശിക്ഷയല്ലെന്നും അച്ചടക്ക നടപടി വൈകുന്നതെന്ത് കൊണ്ടാണെന്നും കോടതി ചോദിച്ചു. കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥയുടെ മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു. കേസ് ഇനി തിങ്കളാഴ്ചയായിരിക്കും പരിഗണിക്കുക. കുട്ടിക്ക് നഷ്ടപരിഹാരം കൊടുക്കുവാന്‍ ആവുമോ എന്നുള്ളത് അന്ന് സര്‍ക്കാര്‍ അറിയിക്കണം. 

പോലീസ് ഉദ്യോഗസ്ഥയുടെ മാപ്പ് അംഗീകരിക്കുന്നോ എന്ന് കുട്ടിയുടെ അഭിഭാഷകയോട് കോടതി ചോദിച്ചു, എന്നാല്‍ ഈ മാപ്പ് അംഗീകരിക്കുന്നില്ലെന്നാണ് അഭിഭാഷക കോടതിയെ അറിയിച്ചത്. കുട്ടി അനുഭവിച്ച മാനസിക പീഡനം വലുതാണെന്നും അധികൃതരില്‍ നിന്നും നീതി കിട്ടിയില്ലെന്നുമാണ്  അഭിഭാഷകയുടെ വിശദീകരണം. 

കുട്ടിക്ക് മാനസിക പിന്തുണ മാത്രമല്ല വേണ്ടത്, നീതി കിട്ടയെന്ന് കുട്ടിക്ക് തോന്നണമെന്ന് കോടതി പറഞ്ഞു. കുട്ടിയ്ക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടതാണ് എന്നാണ് തനിക്ക് തോന്നുന്നതെന്ന് കേസ് പരിഗണിക്കവേ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. കുട്ടിക്കാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്നാണ് കോടതി നിലപാട്. അച്ഛന്‍ അദ്ദേഹത്തിനുണ്ടായ നഷ്ടം നിയമപരമായി നേടിയെടുക്കട്ടേ, പക്ഷേ കുട്ടിക്കുള്ള നഷ്ടപരിഹാരം കൊടുത്തേ മതിയാവൂ എന്നും കോടതി പറഞ്ഞു.