Skip to main content

കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ച ഗവര്‍ണറുടെ അസാധാരണ നടപടിക്കെതിരായ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചില്ല. ഹര്‍ജി നിയമപരമായി നിലനില്‍ക്കുന്നതല്ല എന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസ് അമിത് റാവലിന്റെ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. വിവിധ സര്‍വകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ചാന്‍സലറായ ഗവര്‍ണറും തമ്മില്‍ ഉടലെടുത്ത രൂക്ഷമായ അഭിപ്രായഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് സര്‍ക്കാരിന് ആശ്വാസകരമായ വിധിയുണ്ടായിരിക്കുന്നത്.

വിസിയെ നീക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. പ്രായപരിധി അടക്കമുള്ള വിഷയങ്ങള്‍ നിലനില്‍ക്കുന്നതല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി കോടതി തള്ളിയത്. കേസില്‍ ഈ മാസം രണ്ടാം തീയതിയായിരുന്നു വാദം നടന്നത്. ഇതിന് ശേഷമാണ് വിവാദങ്ങള്‍ പുറത്ത് വന്നത്. ഗവര്‍ണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ വാദത്തിന് അവസരം നല്‍കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം ജസ്റ്റിസ് അമിത് റാവല്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയത്.