Skip to main content

വഖഫ് ബോര്‍ഡിലെ പി.എസ്.സി നിയമന വിവാദത്തില്‍ മുസ്ലിം ലീഗിനെ അതിരൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലീമിന്റെ മുഴുവന്‍ അട്ടിപ്പേറവകാശം ലീഗ് കൊണ്ടുനടക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു.  ലീഗിന്റെ ബോധ്യം ആര് പരിഗണിക്കുന്നുവെന്നും നിങ്ങള്‍ ആകുന്നത് ചെയ്യൂ എന്നും മുഖ്യമന്ത്രി ലീഗിനെ വെല്ലുവിളിച്ചു. ഇന്നുവരെ ഉയര്‍ത്തിയിട്ടില്ലാത്ത തരത്തിലുള്ള രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി ലീഗിനെ വിമര്‍ശിച്ചിരിക്കുന്നത്. സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

വഖഫ് ബോര്‍ഡിലെ പി.എസ്.സി നിയമന കാര്യം തീരുമാനിച്ചത് വഖഫ് ബോര്‍ഡാണ്. അതിന്റെ വിവിധ ഘട്ടങ്ങള്‍ കഴിഞ്ഞു. നിയമസഭയില്‍ ചര്‍ച്ച നടന്നു. ആ ഘട്ടത്തില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് മാത്രമാണ് മുസ്ലീം ലീഗ് ആവശ്യപ്പെട്ടത്. ഇപ്പോഴിത് വലിയ പ്രശ്‌നമാക്കി മാറ്റാനാണ് ശ്രമം. മുസ്ലിം ലീഗ് രാഷ്ട്രീയ പാര്‍ട്ടിയാണോ മതസംഘടനയാണോയെന്ന് ലീഗുകാര്‍ തന്നെ തീരുമാനിക്കണം. മതസംഘടനകള്‍ക്ക് എല്ലാം മനസിലായി. ലീഗുകാര്‍ക്ക് മാത്രമാണ് മനസിലാകാത്തതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

വഖഫ് ബോര്‍ഡ് നിയമന വിവാദത്തില്‍ മുസ്ലിം മതസംഘടനകളുമായി ചര്‍ച്ച ചെയ്ത് പരിഹാരം കാണുമെന്ന് അദ്ദേഹം പറഞ്ഞു. മതസംഘടനകള്‍ക്ക് പ്രശ്‌നങ്ങളില്ല. മുസ്ലിം ലീഗിന് മാത്രമാണ് പ്രശ്‌നം. കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും വരെ വഖഫ് ബോര്‍ഡിലെ പി.എസ്.സി നിയമനം നടപ്പാക്കുന്നില്ലെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.