Skip to main content

വഖഫ് വിവാദത്തില്‍ നിലപാട് വ്യക്തമാക്കി സമസ്ത. സമരത്തിനും പ്രതിഷേധത്തിനുമില്ലെന്നും സമരം ആഹ്വാനം ചെയ്തിട്ടില്ലെന്നും സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രി ന്യായമായ പ്രതികരണമാണ് വിഷയത്തില്‍ നടത്തിയിട്ടുള്ളത്. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നല്‍കിയ ഉറപ്പില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

'ഞങ്ങള്‍ സമരം പ്രഖ്യാപിച്ചിട്ടില്ല. ഒരു പ്രതിഷേധ പ്രമേയം പാസാക്കുക എന്നതായിരുന്നു സമസ്തയുടെ തീരുമാനം. അത് ഞങ്ങള്‍ പാസാക്കി. അതിന് ശേഷം മുഖ്യമന്ത്രിയുമായി സംസാരിച്ചു. മുഖ്യമന്ത്രിയുടെ സംസാരം അനുകൂലമായാല്‍ പിന്നെ പ്രതിഷേധത്തിന്റെ ആവശ്യമില്ലല്ലോ. സംസാരം അനുകൂലമല്ലെങ്കില്‍ അതിന് വേണ്ട തുടര്‍ നടപടികള്‍ എടുക്കും. പിന്‍വലിക്കാന്‍ തയ്യാറല്ല എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. ഈ വിഷയത്തില്‍ ഭാവിയില്‍ എന്താണ് ചെയ്യേണ്ടത് എന്ന് ബന്ധപ്പെട്ടവരോട് കൂടി ആലോചിച്ച് തീരുമാനമെടുക്കും എന്ന് മാന്യമായാണ് മുഖ്യമന്ത്രി പറഞ്ഞത്. സമസ്തയെ സംബന്ധിച്ചിടത്തോളം സമരം എന്ന് പറയുന്ന ഒന്നില്ല,' ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

മുസ്ലിം ലീഗുമായി അകലത്തിലാണോ എന്ന ചോദ്യത്തിന് ഒരു പാര്‍ട്ടിയുമായും അകലമില്ലെന്നായിരുന്നു തങ്ങളുടെ മറുപടി. ലീഗിന്റേത് രാഷ്ട്രീയ റാലിയാണ് എന്നും തങ്ങള്‍ പറഞ്ഞു. മുസ്ലിം സംഘടനകളുടെ പൊതു കോഡിനേഷന്‍ കമ്മിറ്റി ഒന്നും സമസ്തയ്ക്കില്ല എന്നും അങ്ങനെ ഒരു ആവശ്യം വന്നാല്‍ തങ്ങന്മാര്‍ കൂടിയിരുന്ന് ചര്‍ച്ച ചെയ്യുകയാണ് ചെയ്യുക എന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.