Skip to main content

അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങള്‍ സ്വയം പര്യാപ്തതയിലെത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ എന്തു ചെയ്തിട്ടും കാര്യമില്ലെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍. പ്രതിപക്ഷത്തിന് എന്തും വ്യാഖ്യാനിച്ച് പറയാമെന്നും വാദപ്രതിവാദമല്ല മറിച്ച് ആദിവാസികളുടെ ജീവിതം മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയ്ക്ക് മുന്നിലെ അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ആദിവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തും. സമൂഹത്തിന്റെ കൂട്ടായ ശ്രമത്തിലൂടെ പദ്ധതികള്‍ മുന്നോട്ട് കൊണ്ടു പോകും. അട്ടപ്പാടി വിഷയത്തില്‍ മുഖ്യമന്ത്രിയുമായി രണ്ട് തവണ സംസാരിച്ചു. അവിടേക്ക് കര്‍മ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അവരെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കും. 

ഇന്ത്യയിലെ 25 കോടിയോളം വരുന്നവര്‍ക്ക് വിദ്യാഭ്യാസം കിട്ടിയിട്ടില്ല. പക്ഷെ കേരളം അതില്‍ നിന്നെല്ലാം ഒരുപാട് മുന്നോട്ട് പോയി. ഡിജിറ്റല്‍ വിദ്യാഭ്യാസം ആര്‍ക്ക് കൊടുക്കണമെന്ന കാഴ്ചപ്പാട് സര്‍ക്കാരിന് കൃത്യമായി ഉണ്ട്. ആദിവാസി കുട്ടികള്‍ക്ക് ആദ്യ പരിഗണന നല്‍കിയെന്നും മന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി അട്ടപ്പാടിയിലെത്തിയത് നല്ല കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുട്ടികളുടെ മരണം സംബന്ധിച്ച് പഠനം നടത്തി. സിക്കിള്‍ സെല്‍ അനീമിയ ആണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.