Skip to main content

തകര്‍ന്ന റോഡുകളെ കുറിച്ച് വിമര്‍ശിച്ച നടന്‍ ജയസൂര്യയ്ക്ക് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റോഡ് പ്രവര്‍ത്തിക്ക് മഴ തടസ്സം തന്നെയാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ജയസൂര്യയുടെ അഭിപ്രായം വ്യക്തിപരമായ അഭിപ്രായ പ്രകടനമായി കാണുന്നു. സംസ്ഥാനത്തെ റോഡ് പ്രവര്‍ത്തിയെ നല്ല നിലയില്‍ പിന്തുണച്ചാണ് ജയസൂര്യ സംസാരിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തെ മറ്റ് തരത്തില്‍ സര്‍ക്കാര്‍ കാണുന്നില്ലെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു. ജയസൂര്യയുടെ വിമര്‍ശനം ചര്‍ച്ചയാകുന്നതിനിടെ, കണ്ണൂരിലെത്തിയ മന്ത്രി മറുപടി നല്‍കി.

റോഡുകളെ കുറിച്ചുള്ള പരാതി പൊതുജനങ്ങള്‍ക്ക് നേരിട്ട് വിളിച്ചറിയിക്കാനുള്ള പദ്ധതിയുടെ ഉദ്ഘാടന വേദിയിലായിരുന്നു ക്ഷണിച്ച് വരുത്തിയ മുഖ്യാതിഥിയുടെ രൂക്ഷവിമര്‍ശനം. മോശം റോഡുകളില്‍ വീണ് ആരെങ്കിലും മരിച്ചാല്‍ ആര് സമാധാനം പറയുമെന്നായിരുന്നു മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ ജയസൂര്യയുടെ ചോദ്യം. മഴയാണ് അറ്റകുറ്റപ്പണിക്ക് തടസ്സമെന്ന വാദം ജനത്തിന് അറിയേണ്ട കാര്യമില്ലെന്നും അങ്ങിനെ എങ്കില്‍ ചിറാപുഞ്ചിയില്‍ റോഡ് കാണില്ലെന്നും ജയസൂര്യ പറഞ്ഞു.

ചിറാപുഞ്ചിയില്‍ പതിനായിരം കിലോമീറ്റര്‍ റോഡാണുള്ളത്. കേരളത്തില്‍ മൂന്നരലക്ഷം കിലോമീറ്ററോളം റോഡുകളുണ്ട്. ഈ പ്രതികൂല കാലാവസ്ഥയില്‍ മഹാഭൂരിപക്ഷം റോഡുകള്‍ക്കും കാര്യമായ കേടുകള്‍ സംഭവിച്ചിട്ടില്ല. അയ്യോ മഴ എന്ന് പറഞ്ഞ് പ്രയാസപ്പെടാതെ പരിഹാരം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.