Skip to main content

സംസ്ഥാനത്ത് കൊവിഡ് വാക്‌സീന്‍ സ്വീകരിക്കാത്ത അധ്യാപക അനധ്യാപകരുടെ  കണക്ക് പുറത്ത് വിട്ട് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. അധ്യാപകരും അനധ്യാപകരുമായി 1707 പേരാണ് ഇതുവരെയും വാക്‌സീന്‍ സ്വീകരിക്കാത്തത്. മലപ്പുറത്താണ് വാക്‌സീന്‍ എടുക്കാത്ത അധ്യാപകര്‍ കൂടുതല്‍.

കുട്ടികളുടെ ആരോഗ്യത്തിനാണ് ആദ്യപരിഗണനയെന്നും വാക്‌സീനേഷന് പ്രാധാന്യം നല്‍കുന്നത് അതിനാലാണെന്നും  മന്ത്രി പറഞ്ഞു. വാക്‌സീനേഷന്‍  എടുക്കാത്ത അധ്യാപകര്‍ അയ്യായിരത്തോളം എന്ന കണക്കാണ് ആദ്യം ലഭിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ പലരും പിന്നീട് വാക്‌സീന്‍ എടുക്കാന്‍ തയാറായി. ഇതോടെയാണ് എണ്ണം കുറഞ്ഞതെന്നും മന്ത്രി പറഞ്ഞു. വാക്‌സീന്‍ എടുക്കാത്തവരോട് കാരണം ചോദിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്‌നം ഉള്ളവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം. അതല്ലെങ്കില്‍ എല്ലാ ആഴ്ചയും ആര്‍.ട്ടി.പി.സി.ആര്‍ റിസള്‍ട്ട് നല്‍കണം. ഒട്ടും സഹകരിക്കാത്ത അധ്യാപകര്‍ക്ക് ലീവ് എടുക്കാന്‍ അവസരമുണ്ട്. ശൂന്യവേതന അവധി ഇവര്‍ക്ക് അനുവദിക്കും. അധ്യാപകരുടെ സമീപനം ഒന്നുകൂടി പരിശോധിച്ച ശേഷം കൂടുതല്‍ നടപടി ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു. അണ്‍ എയിഡഡ് മേഖലയിലെ കണക്കുകള്‍ എടുക്കുന്നതായും മന്ത്രി അറിയിച്ചു. 

എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 1066 അധ്യാപകരും 189 അനധ്യാപകരും വാക്സിന്‍ എടുക്കാനുണ്ട്. ഹയര്‍സെക്കന്‍ഡറിയില്‍ 200 അധ്യാപകരും 23 അനധ്യാപകരും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 229 അധ്യാപകരും വാക്സിന്‍ എടുക്കാനുണ്ട്. 

കണക്ക് ജില്ലാ അടിസ്ഥാനത്തില്‍;

തിരുവനന്തപുരം  110 
കൊല്ലം 90 
പത്തനംതിട്ട  51
ആലപ്പുഴ 89 
കോട്ടയം 74 
ഇടുക്കി 43 
എറണാകുളം 106
തൃശൂര്‍ 124 
പാലക്കാട് 61 
മലപ്പുറം 201
കോഴിക്കോട് 151
വയനാട് 29
കണ്ണൂര്‍ 90
കാസര്‍കോട് 36