Skip to main content

രാജ്യത്ത് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിലും അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. അതിതീവ്ര വ്യാപന ശേഷിയുള്ള വകഭേദമായതിനാല്‍ കൂടുതല്‍ ശക്തമായ പ്രതിരോധം വേണമെന്നും വീണ ജോര്‍ജ് വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.

അതിതീവ്ര വ്യാപനശേഷിയുള്ള വൈറസാണ് ഒമിക്രോണ്‍. വാക്സിന്‍ എടുത്തവര്‍ക്ക് രോഗത്തിന്റെ തീവ്രത കുറവാണ് എന്നാണ് നിലവിലുള്ള റിപ്പോര്‍ട്ടുകള്‍. വാക്സിന്‍ തന്നെയാണ് നിലവിലുള്ള ഏറ്റവും മികച്ച പ്രതിരോധം. രണ്ടാം ഡോസ് വാക്സിന്‍ എടുക്കാത്തവര്‍ എത്രയും പെട്ടെന്ന് എടുക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിലവില്‍ ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വന്നവരില്‍ ആരിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടില്ല. ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്തതുമുതല്‍ കേരളത്തിലേക്ക് വിവിധ ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വന്നവരുടെ പൂര്‍ണ എണ്ണം എടുക്കുന്നതേയുള്ളൂ. 

കേരളത്തില്‍ ആശുപത്രി കേസുകള്‍ കൂടി വന്നേക്കുമെന്ന കാര്യം ഇപ്പോഴേ മുന്‍കൂട്ടി കാണുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ക്വാറന്റീന്‍ ഉറപ്പാക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംയുക്തനടപടി സ്വീകരിക്കും. പരിശോധനകള്‍ പരമാവധി കൂട്ടും. നിലവില്‍ ക്വാറന്റീന്‍, യാത്രാ മാര്‍ഗനിര്‍ദേശങ്ങളടക്കം എല്ലാം കേന്ദ്രസര്‍ക്കാര്‍ പറയുന്നതനുസരിച്ച് മാത്രമാകും നടപ്പാക്കുക.