ഈഴവ സമുദായത്തിനെതിരെ കത്തോലിക്ക വൈദികന്‍ നടത്തിയ പ്രസ്താവന അപക്വമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നാര്‍ക്കോട്ടിക് ജിഹാദ് എന്താണെന്ന് അറിയില്ലെന്ന് പാലാ ബിഷപ്പിന്റെ പ്രസ്താവനയെ തള്ളി വെള്ളാപ്പള്ളി പറഞ്ഞു. ഒരു സമുദായത്തെ മാത്രം അവഹേളിക്കുന്നത് ശരിയല്ല. ലവ് ജിഹാദ് ഉണ്ടെങ്കില്‍ പോകുന്നത് ഒരു പെണ്ണ് മാത്രമാണ്. പക്ഷെ മതംമാറ്റക്കാര്‍ ലക്ഷ്യമിടുന്നത് ഒരു കുടുംബത്തെ മുഴുവനാണ്. മന്ത്രി വി.എന്‍.വാസവന്‍ പാലാ ബിഷപ്പിനെ സന്ദര്‍ശിച്ചതില്‍ തെറ്റില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
ന്യൂനപക്ഷങ്ങള്‍ രാജ്യത്തിന്റെ ഖജനാവ് മുഴുവന്‍ ചോര്‍ത്തിക്കൊണ്ടു പോവുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ന്യൂനപക്ഷങ്ങള്‍ സംഘടിത വോട്ട് ബാങ്കായി നിന്ന്, അധികാര രാഷ്ട്രീയത്തില്‍ പ്രവേശിച്ച് അര്‍ഹതപ്പട്ടതും അതിനപ്പുറവും വാരിക്കൊണ്ട് പോവുകയാണ്. എല്ലാ രാഷ്ട്രീയ കക്ഷികളും ഇവര്‍ക്ക് മുമ്പില്‍ പ്രണമിച്ച് നില്‍ക്കുകയാണ്. മറ്റ് പട്ടികജാതി പട്ടികവര്‍ഗ സമുദായങ്ങള്‍ക്ക് എന്ത് നീതിയാണ് കൊടുത്തതെന്ന് അവര്‍ പരിശോധിക്കട്ടെയെന്നും വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.