Skip to main content

മുട്ടില്‍ മരംമുറിക്കേസില്‍ സി.ബി.ഐ അന്വേഷണമില്ല. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിലവിലെ അന്വേഷണം മതിയെന്ന ഉത്തരവാണ് കോടതിയില്‍നിന്ന് വന്നിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് തൃശ്ശൂര്‍ സ്വദേശി ജോര്‍ജ് വട്ടുകുളം നല്‍കിയ ഹര്‍ജിയില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയിരിക്കുന്നത്.

കേസിലെ നിലവിലെ പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിനും വനംവകുപ്പിന്റെ അന്വേഷണത്തിനും ഹൈക്കോടതി ചില മാര്‍ഗരേഖകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ വശങ്ങളില്‍നിന്നുമുള്ള കൃത്യമായ അന്വേഷണം വേണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരിക്കുന്ന മുഴുവന്‍ ആക്ഷേപങ്ങളും പരിഗണിച്ചു കൊണ്ട് വളരെ ആഴത്തിലുള്ള അന്വേഷണം വേണമെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ കേസിന്റെ ഏത് ഘട്ടത്തില്‍ വേണമെങ്കിലും പൊതുജനങ്ങള്‍ക്ക് മതിയായ കാര്യകാരണ സഹിതം വേറൊരു അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ എല്ലാവിധ അവകാശങ്ങളും ഉണ്ടായിരിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കേസ് സി.ബി.ഐയ്ക്ക് കൈമാറേണ്ട വിധത്തിലുള്ള പാളിച്ചകളൊന്നും തന്നെ കോടതിക്ക് ബോധ്യപ്പെട്ടിട്ടില്ല. നിലവിലെ അന്വേഷണത്തില്‍ കുറച്ചുകാര്യങ്ങള്‍ കൂടി പുറത്തുവരേണ്ടതുണ്ട്. ആ കാര്യങ്ങള്‍ അന്വേഷിക്കാനുള്ള അവസരമാണ് കോടതി പ്രത്യേക അന്വേഷണസഘത്തിനും വനംവകുപ്പിനും അനുവദിച്ചു നല്‍കിയിരിക്കുന്നത്.