Skip to main content

ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരെ കസ്റ്റഡിയില്‍ എടുത്ത് റിമാന്‍ഡില്‍ ആയതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ചേരി തിരിഞ്ഞ് പോര് മുറുകുന്നു. എബിനും ലിബിനും നേരത്തെയും റോഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിന്റെ തെളിവുകള്‍ പുറത്ത് വന്നിരിക്കുകയാണ്. വ്‌ലോഗര്‍മാര്‍ക്ക് ഡ്രൈവിംഗ് മര്യാദകള്‍ ഇല്ലെന്ന വാദവുമായുള്ള ഒരു വീഡിയോ വൈറലാണ്. നിയമലംഘനം നടത്തിയതിന്റെ വീഡിയോകള്‍ ശേഖരിച്ച് നടപടിക്ക് ഒരുങ്ങുകയാണ് പോലീസും ഗതാഗത വകുപ്പും. 

ഇ- ബുള്‍ ജെറ്റ് സഹോദരങ്ങള്‍ റോഡിലൂടെ സൈറണ്‍ ഇട്ട് പോവുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.  ബിഹാറിലെ റോഡില്‍ കൂടിയാണ് സൈറണ്‍ ഇട്ട് ഇവര്‍ പായുന്നത്. 'വേറെന്തു ചെയ്യാനാണ്, ഒറ്റ മനുഷ്യന്‍ മാറി തരുന്നില്ല' എന്നാണ് സൈറണ്‍ ഇട്ട് പായുന്നതിനു സഹോദരങ്ങള്‍ പറയുന്ന ന്യായം. ഒരു പോലീസ് വാഹനം വരെ വഴിമാറിക്കൊടുക്കുന്നുണ്ട്. ഇവര്‍ക്കാര്‍ക്കും ഡ്രൈവിങ് മര്യാദകള്‍ അറിയില്ലെന്നുള്ള അഭിപ്രായങ്ങളും കേള്‍ക്കാം. സൈറണ്‍ ഇട്ടു വരുന്നതിനാല്‍ ആംബുലന്‍സ് ആണെന്നു തെറ്റിദ്ധരിച്ച് ടോള്‍ ബൂത്തില്‍ പണം നല്‍കാതെ കടക്കുന്നതും വിഡിയോയില്‍നിന്നു വ്യക്തമാണ്.

വ്‌ലോഗര്‍മാരുടെ അറസ്റ്റിനു പിന്നാലെ കലാപത്തിന് ആഹ്വാനം ചെയ്തവരും മോട്ടോര്‍ വാഹന വകുപ്പിനേയും ഉദ്യോഗസ്ഥര്‍ക്കെതിരേയും അക്രമത്തിന് ആഹ്വാനം നല്‍കിയവരും പോലീസ് നിരീക്ഷണത്തിലാണ് ഉള്ളത്.  നിയമലംഘനങ്ങള്‍ക്ക് ആഹ്വാനം ചെയ്തു, നിയമവിരുദ്ധമായി സംഘം ചേര്‍ന്നു എന്നീ കുറ്റങ്ങള്‍ ചുമത്തി യൂട്യൂബര്‍മാരുടെ ആരാധകരായ 17 പേരെ കണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് പിന്നീട് ജാമ്യം നല്‍കി. 

വാഹനത്തിന്റെ നിറം, എട്ട് സെര്‍ച്ച് ലൈറ്റുകള്‍, ടയറുകളിലെ മോഡിഫിക്കേഷന്‍, അനുമതിയില്ലാതെ വാഹനത്തില്‍ സ്റ്റിക്കറുകള്‍ പതിപ്പിച്ചത്, വാഹനത്തിന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന നിലയില്‍ ഘടിപ്പിച്ച സൈക്കിളുകള്‍, ടെംപോ ട്രാവലറിന് കാരവാന്‍ ആക്കിയത് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചാണോയെന്ന് വ്യക്തതയില്ല, ബ്രേക്ക് ലൈറ്റ്, രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നിവയടക്കമുള്ള ഒന്‍പത്  നിയമവിരുദ്ധമായ രൂപമാറ്റങ്ങളാണ് ഇ ബുള്‍ജെറ്റ് സഹോദരന്മാരുടെ വാഹനത്തിലുള്ളത്. സഹോദരന്മാര്‍ രണ്ടുപേരും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡിലാണ്.