Skip to main content

നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'ഈശോ' എന്ന സിനിമയുടെ പേര് മാറ്റണമെന്ന ക്രൈസ്തവ സംഘടനകളുടെ ആവശ്യത്തിനെതിരെ തൃശ്ശൂര്‍ ഓര്‍ത്തഡോക്‌സ് മെത്രാപ്പൊലീത്ത യുഹാനോന്‍ മാര്‍ മിലിത്തിയോസ്. എന്താണു ഈശോ എന്ന പേരു ഒരു സിനിമക്ക് ഇട്ടാല്‍ കുഴപ്പം? മധ്യതിരുവിതാംകൂറില്‍ ധാരാളം പേര്‍ക്ക്, എന്റെ ഒരു ബന്ധുവിനുള്‍പ്പടെ, ഇങ്ങനെ പേരുണ്ടല്ലോ! ഇവരിലാരെയും നിരോധിക്കണം എന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടില്ലെന്നും മാര്‍ മിലിത്തിയോസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഈശോ എന്ന പേര് മാറ്റണമെന്ന ആവശ്യത്തെ പിന്തുണച്ച് തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തും ബിഷപ്പ് അലക്സ് വടക്കുംതലയും തലശേരി രൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനിയും രംഗത്ത് വന്നിരുന്നു. സിനിമയുടെ പേര് മാറ്റിയാല്‍ തെറ്റായ കീഴ് വഴക്കമാകുമെന്നും സിനിമ ക്രൈസ്തവ വിശ്വാസത്തെ ഹനിക്കുന്നതല്ലെന്നുമാണ് നാദിര്‍ഷയുടെ നിലപാട്.

യുഹാനോന്‍ മാര്‍ മിലിത്തിയോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്;

ഞാന്‍, സിനിമാ ഡയറക്ടര്‍ നാദിര്‍ഷായുടെ, ഈശോ എന്ന സിനിമയുടെ കാര്യത്തില്‍ നല്‍കിയ കമന്റ്. എന്താണു ഈശോ എന്ന പേരു ഒരു സിനിമക്ക് ഇട്ടാല്‍ കുഴപ്പം? മധ്യതിരുവിതാംകൂറില്‍ ധാരാളം പേര്‍ക്ക്, എന്റെ ഒരു ബന്ധുവിനുള്‍പ്പടെ, ഇങ്ങനെ പേരുണ്ടല്ലോ! ഇവരിലാരെയും നിരോധിക്കണം എന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടില്ല. ക്രിത്യാനികളില്‍ ചിലര്‍ മശിഹായെ ഈശോ എന്ന് വിളിക്കുമ്പോള്‍ മറ്റു ചിലര്‍ യേശു എന്നാണു വിളിക്കുന്നത്. ഈ പേരും മറ്റെങ്ങും വന്നുകൂടാ എന്നും വരുമോ?