Skip to main content

ഈശോ സിനിമയെച്ചൊല്ലിയുടെ വിവാദം ഏറ്റെടുത്ത് തൃശൂര്‍ അതിരൂപത. ഈശോ എന്ന പേരില്‍ സിനിമ ചിത്രീകരിക്കുന്നത് ക്രൈസ്തവര്‍ക്ക് വേദനാജനകമാണെന്ന് തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. സിനിമാ പേരിലൂടെ ക്രൈസ്തവരെ അവഹേളിക്കുന്നത് കടന്ന കൈയാണെന്ന് ബിഷപ്പ് അലക്സ് വടക്കുന്തല. മലയാള സിനിമ ക്രൈസ്തവ വിരുദ്ധമായി തീരുന്നോ എന്ന ആശങ്ക വിശ്വാസികള്‍ക്കിടയിലുണ്ടെന്ന് തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനിയും പ്രതികരിച്ചിട്ടുണ്ട്. സിനിമക്കെതിരെ ബിഷപ്പുമാരും സഭയും നേരിട്ട് പ്രതികരണവുമായി എത്തുന്നത് ഇതാദ്യമാണ്.

സിനിമ പുറത്തിറങ്ങും മുമ്പേ പേരിനെച്ചൊല്ലി വിവാദം സൃഷ്ടിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ഫെഫ്കയും സിനിമയുടെ അണിയറ പ്രവര്‍ത്തകരും. ഈശോ എന്ന സിനിമയുടെ പേര് മാറ്റില്ലെന്ന് ആണ് സംവിധായകന്‍ നാദിര്‍ഷയുടെ നിലപാട്. പേര് മാറ്റിയാല്‍ അതൊരു പുതിയ കീഴ്വഴക്കമാകുമെന്നും നാദിര്‍ഷ. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനുമായി ചര്‍ച്ച ചെയ്തതിന് പിന്നാലെയാണ് പേര് മാറ്റേണ്ടെന്ന നാദിര്‍ഷയുടെ തീരുമാനം.

മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞത്;

ശത്രുവിനെ പോലും സ്നേഹിക്കാന്‍ പറഞ്ഞ യേശുവിന്റെ അനുയായികളെ ആക്രമിച്ചാല്‍ തിരിച്ചടിക്കില്ലെന്ന ചിന്തയില്‍ അവര്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ കൂടുകയാണ്. ശത്രുക്കളെ സ്നേഹിക്കാനാണ് ഈശോ പറഞ്ഞത്.

ഈശോ, കേശു ഈ വീടിന്റെ സിനിമകള്‍ മതചിഹ്നങ്ങളെയും നന്മയുടെ പ്രതീകങ്ങളെയും മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണ്. ഈശോ എന്ന പേരില്‍ വികലമായി ചിത്രീകരിക്കുന്നത് ദൈവപുത്രനായി ഈശോയില്‍ വിശ്വസിക്കുന്നവര്‍ക്ക് വേദനാജനകമാണ്.