Skip to main content

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ ഭര്‍ത്താവും പ്രതിയുമായ കിരണ്‍കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതില്‍ പ്രതികരണവുമായി പിതാവ്. വിസ്മയ മരിച്ച് രണ്ടാഴ്ചക്ക് ശേഷം ഗതാഗതമന്ത്രി ആന്റണി രാജുവിനെ കണ്ടിരുന്നു. കിരണ്‍ കുമാറിനെതിരെ വകുപ്പുതല നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. അവനുള്ള ഡിസ്മിസ് ഓര്‍ഡര്‍ അടിച്ചിട്ടേ ഞാന്‍ നിങ്ങളുടെ വീട്ടില്‍ വരൂ എന്നാണ് മന്ത്രി ആന്റണി രാജു സാര്‍ അന്ന് പറഞ്ഞത്. നാളെ വിസ്മയയുടെ കുടുംബത്തെ സന്ദര്‍ശിക്കുമെന്നും മന്ത്രി ആന്റണി രാജു.

മന്ത്രിമാരെല്ലാം വീട്ടില്‍ വന്നെങ്കിലും മന്ത്രി ആന്റണി രാജു വീട് സന്ദര്‍ശിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ വകുപ്പിലെ ഉദ്യോഗസ്ഥന്‍ പ്രതിയായിരുന്നതിനാലാണ് വരാതിരുന്നത്. കിരണിനെതിരെ നടപടി സ്വീകരിച്ച ശേഷമേ വിസ്മയയുടെ വീട്ടിലേക്ക് വരൂ എന്ന് മന്ത്രി പറഞ്ഞിരുന്നതായും പിതാവ് ത്രിവിക്രമന്‍ നായര്‍ മാധ്യമങ്ങളോട്.

അന്വേഷണം ശരിയായ ദിശയിലാണെന്നും വിസ്മയയ്ക്ക് നീതി കിട്ടുന്നതിന്റെ സൂചന കൂടിയാണ് ഈ നടപടിയെന്നും കുടുംബം വ്യക്തമാക്കി. ഭര്‍തൃവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണിനെ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് ഇന്നു പിരിച്ചുവിട്ടു. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ചരിത്രപരമായ നടപടി എന്നാണ് മന്ത്രി ഈ നീക്കത്തെ വിശേഷിപ്പിച്ചത്.