Skip to main content

സംസ്ഥാന സര്‍ക്കാരിന്റെ ലോക്ക്ഡൗണ്‍ ഇളവില്‍ ഉള്‍പ്പെടുത്തിയ നിബന്ധനകളില്‍ മാറ്റം വരുത്തില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും കടകളില്‍ പോകാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന ഉത്തരവ് തിരുത്തില്ലെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. പുറത്തിറക്കിയത് പ്രായോഗിക നിര്‍ദ്ദേശങ്ങളാണെന്ന് ആരോഗ്യമന്ത്രി വിശദീകരിച്ചു. അതേ സമയം പോലീസുകാര്‍ക്ക് ഇഷ്ടം പോലെ പിഴ ഈടാക്കാന്‍ സഹായിക്കുന്ന ഉത്തരവ് ജനത്തിനും വ്യാപാരികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.

കേരളം തുറന്നെങ്കിലും കടകളില്‍ പോകാന്‍ ഏര്‍പ്പെടുത്തിയ പുതിയ മാനദണ്ഡങ്ങളെ ചൊല്ലിയാണ് തര്‍ക്കവും വിവാദവും. ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത് രണ്ടാഴ്ച കഴിഞ്ഞവര്‍, 72 മണിക്കൂര്‍ മുമ്പുള്ള ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലമുള്ളവര്‍,  ഒരുമാസം മുമ്പുള്ള പോസീറ്റിവ് സര്‍ട്ടിഫിക്കറ്റുള്ളവരോ ആയിരിക്കണമെന്ന മാനദണ്ഡം അശാസ്ത്രീയമാണെന്നാണ് പ്രതിപക്ഷ ആക്ഷേപം. 

പ്രതിപക്ഷം വ്യാഴാഴ്ച ഇത് സഭയില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച സഭയില്‍ മന്ത്രി അഭികാമ്യമെന്ന് മാത്രമാണ് പറഞ്ഞതെങ്കിലും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ ഇത് കര്‍ശമെന്ന് രേഖപ്പെടുത്തുകയായിരുന്നു. അപ്രായോഗികമായ നിര്‍ദേശങ്ങളാണ് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ ഉള്ളതെന്ന് പിസി വിഷ്ണുനാഥ് സഭയില്‍ പറഞ്ഞു.

യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍, ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ്, നടി രജ്ഞിനി അടക്കം സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പുതിയ നിബന്ധനക്കെതിരെ രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലും പുതിയ പരിഷ്‌കാരത്തിനെതിരെ ഉയര്‍ന്നത് കടുത്ത വിമര്‍ശനം. പക്ഷെ സര്‍ക്കാറിന് കുലുക്കമില്ല.