Skip to main content

മലപ്പുറത്ത് ഇന്‍ഷുറന്‍സില്ലെന്ന് പറഞ്ഞ് ബൈക്ക് യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയ പോലീസിനെ ചോദ്യം ചെയ്ത് നാട്ടുകാര്‍. ആര്‍.സി ബുക്ക് കൊണ്ടു പോകുകയോ ഫൈന്‍ വാങ്ങുകയോ ചെയ്യാം അല്ലാതെ നിങ്ങളെങ്ങനെ ഒരാളുടെ വ്യക്തിപരമായ സാധനങ്ങള്‍ പിടിച്ചു പറിക്കും. പോലീസെന്ന് പറഞ്ഞാല്‍ സാധാരണക്കാരുടെ മെക്കിട്ട് കയറാനുള്ള സംവിധാനമല്ലെന്നും നാട്ടുകാര്‍ വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. ഹെല്‍മെറ്റില്ലെന്ന് പറഞ്ഞ എസ്.ഐയുടെ വാദത്തെയും നാട്ടുകാര്‍ തള്ളുന്നുണ്ട്. മൊബൈല്‍ ഫോണ്‍ തിരിച്ചു കൊടുക്കുന്ന വീഡിയോയടക്കം നാട്ടുകാര്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്.

''മൊബെല്‍ വാങ്ങിയത് ശരിയാണോ, അദ്ദേഹത്തിന്റെ ഭാര്യ 9 മാസം ഗര്‍ഭിണിയാണ്. ഒരു അത്യാവശ്യകാര്യത്തിന് ഫോണ്‍ വരാനുണ്ടെന്ന് അയാള്‍ പറഞ്ഞതാണല്ലോ, ഫോണ്‍ എങ്ങനെയാണ് നിങ്ങള്‍ തട്ടിപ്പറിച്ചെടുക്കുന്നത്. സാധാരണക്കാര്‍ ഇതിനെതിരെ പ്രതികരിച്ചാല്‍ കൃത്യനിര്‍വ്വഹണം തടസ്സപെടുത്തിയെന്ന് പറയും,'' നാട്ടുകാര്‍ പറഞ്ഞു.

പോലീസ് അതിക്രമവുമായി ബന്ധപ്പെട്ട രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് നാട്ടുകാര്‍ പോലീസ് നടപടിയെ ചോദ്യം ചെയ്ത് രംഗത്ത് വന്നത്. വിഷയത്തില്‍ ഇടപെട്ട ഒരാളോട് നാളെ സ്റ്റേഷനില്‍ വരണമെന്ന് മറ്റൊരു പോലീസുകാരന്‍ പറഞ്ഞതോടെ നാട്ടുകാര്‍ രോഷാകുലരാകുകയും, ഞാനെന്തിന് സ്റ്റേഷനില്‍ വരണമെന്ന് ചോദിക്കുകയും ചെയ്യുന്നുണ്ട്. നാട്ടുകാര്‍ പോലീസിനെ ചോദ്യം ചെയ്യല്‍ തുടര്‍ന്നതോടെ പോലീസ് വണ്ടിയെടുത്ത് പോകുകയായിരുന്നു.