Skip to main content

സംസ്ഥാനത്ത് ടി.പി.ആര്‍ അടിസ്ഥാനമാക്കിയുള്ള  ലോക്ക്ഡൗണ്‍ ചോദ്യം ചെയ്ത് വ്യാപാരികള്‍ ഹൈക്കോടതിയെ സമീപിച്ചു. നിലവിലെ രീതി അശാസ്ത്രീയമെന്നാണെന്നും പിന്‍വലിക്കണമെന്നുമാണ് ആവശ്യം. വ്യാപാരികളെ അടച്ചിടുന്നതിന് പകരം രോഗമുള്ളവരെയും സമ്പര്‍ക്കമുള്ളവരെയും കണ്ടെത്തി ഐസൊലേഷനിലേക്ക് മാറ്റുന്നതിന് നടപടി വേണമെന്നുമാണ് ആവശ്യം. രണ്ട് പ്രളയങ്ങളും, രണ്ട് കൊവിഡ് തരംഗങ്ങളും തകര്‍ത്ത കേരളത്തിലെ വ്യാപാരികള്‍ക്ക് കൊവിഡ് അതിജീവന പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യമുണ്ട്.

സംസ്ഥാനത്തെ വ്യാപാരികള്‍ ആത്മഹത്യയുടെ വക്കിലാണെന്നും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തണമെന്നും വ്യാപരികളുടെ ഭാഗത്ത് നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ നേരത്തെ മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോയത്. എന്നാല്‍ മുഖ്യമന്ത്രി വാക്ക് പാലിച്ചില്ല. ടി.പി.ആര്‍ നിരക്കിന്റെ അടിസ്ഥാനത്തില്‍ കടകള്‍ക്കും, വാണിജ്യ സ്ഥാപനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പകരം, രോഗബാധിതരായവരുടെ വീടുകളും പരിസരവും, അടുത്ത ബന്ധുക്കളെയും ഐസൊലേറ്റ് ചെയ്ത് നിരീക്ഷിക്കാനുള്ള സംവിധാനമൊരുക്കണമെന്നാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി നല്‍കിയ ഹര്‍ജിയിലെ ആവശ്യം.

ടാക്‌സ് ഇളവും, കടവാടക നികുതി ഒഴിവാക്കുകയും, കെ.എസ്.ഇ.ബി കുടിശ്ശിക ഇളവ് ചെയ്യുകയും, ലോണുകള്‍ക്ക് പലിശ രഹിത മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിനായി നിര്‍ദ്ദേശം നല്‍കാനായി ബാങ്കേഴ്‌സ് സമിതിയുടെ യോഗം വിളിക്കുകയും, സ്റ്റോക്ക് നശിക്കുന്നതടക്കമുള്ള നഷ്ടം സഹിക്കേണ്ടി വന്ന വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്കുകയും, ജിഎസ്ടി തിരികെ നല്‍കുന്നതുള്‍പ്പെടെയുള്ള ആശ്വാസ നടപടികള്‍ കൊവിഡ് അതിജീവന പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.